കേരളത്തിൽ വനിതാ ശേഷിവികസന പദ്ധതിക്ക് തുടക്കം

Posted on: October 1, 2019

തിരുവനന്തപുരം : വനിതാ സംരംഭകരുടെ ശേഷി വികസനത്തിനായി വിങ്-വിമൻ റൈസ് ടുഗദർ എന്ന പേരിൽ സ്റ്റാർട്ടപ്പ് ഇന്ത്യയും കേന്ദ്ര സർക്കാരിൻറെ ഡിപ്പാർട്ട്‌മെൻറ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻറേണൽ ട്രേഡ് (ഡിപിഐഐടി)യും നടപ്പാക്കുന്ന പദ്ധതിയുടെ കേരളത്തിലെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

കേരളം ഉൾപ്പെടെ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഈ കേന്ദ്രപദ്ധതി നടപ്പാക്കുന്ന ചുമതല കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ്യുഎം) ലെറ്റ്‌സ് വെൻച്വർ കൺസോർഷ്യത്തിനാണ്.

തിരുവനന്തപുരത്ത് നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ് സമ്മേളനമായ ഹഡിൽ കേരള-യുടെ ഉദ്ഘാടന ചടങ്ങിൽ ഡിപിഐഐടി ജോയിൻറ് സെക്രട്ടറി ശ്രീ അനിൽ അഗർവാളിൻറെ സാന്നിധ്യത്തിലായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഒരു വർഷത്തിനുള്ളിൽ 7500 വനിതാ സംരംഭകരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ രാജ്യവ്യാപകമായാണ് വിങ്-വിമൻ റൈസ് ടുഗദർ നടപ്പാക്കുന്നത്. അഞ്ച് മേഖലകളിലായി വിഭജിച്ചിട്ടുള്ള പദ്ധതി കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ നടപ്പാക്കുന്ന ചുമതലയാണ് കെഎസ്യുഎം -ലെറ്റ്‌സ് വെൻച്വർ കൺസോർഷ്യത്തിനു ലഭിച്ചിരിക്കുന്നത്. ഏൻജൽ നിക്ഷേപം നടത്തുന്നതിനും സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപം കണ്ടെത്തുന്നതിനുമുള്ള ഇന്ത്യയിലെ പ്രമുഖ സ്ഥാപനമാണ് ലെറ്റ്‌സ് വെൻച്വർ.

പരിശീലനം, ഇൻകുബേഷൻ പ്രോഗ്രാമുകൾ, ബിസിനസിനെ പിന്തുണയ്ക്കുന്നതിനുള്ള നിരവധി സേവനങ്ങൾ എന്നിവ വനിതാ സ്റ്റാർട്ടപ്പുകൾക്ക് ഈ പദ്ധതിയിലൂടെ ലഭിക്കും. ദക്ഷിണേന്ത്യയിൽ കേരളത്തിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ തുടക്കമെന്ന നിലയിൽ നാലു പരിശീലന പരിപാടികൾ തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ഒക്ടോബർ 18 മുതൽ നവംബർ ഒൻപതു വരെയുള്ള ദിവസങ്ങളിലായി നടത്തും. താത്്പര്യമുള്ള വനിതാ സംരംഭകർക്ക് http://bit.ly/WINGKerala എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

ഈ പദ്ധതിയിലൂടെ സംരംഭകത്വത്തിൻറെ മുന്നണിയിലേയ്ക്ക് വനിതകളെ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്ന് ഡിപിഐഐടി ജോയിൻറ് സെക്രട്ടറി അനിൽ അഗർവാൾ പറഞ്ഞു. അവർക്കായി ഇൻകുബേഷൻ, മെൻറർഷിപ്പ്, നിക്ഷേപം തുടങ്ങിയവ നടത്തി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വനിതാ സംരംഭങ്ങൾക്കുള്ള സൗജന്യ പ്രീ ഇൻകുബേഷൻ, സംരംഭകർക്ക് മുഴുവൻ ചെലവിൽ വിദേശയാത്ര, പ്രാരംഭ നിക്ഷേപം, വാണിജ്യവൽകരണത്തിനുള്ള സാങ്കേതികവിദ്യ എന്നിവ ഇപ്പോൾതന്നെ കെഎസ്യുഎം നൽകുന്നുണ്ട്. സ്റ്റാർട്ടപ്പ് വിംഗ്‌സിലൂടെ വനിതാ സംരംഭകരെ കണ്ടെത്തുകയും പിന്തുണയ്ക്കുണയ്ക്കുകയും ജനശ്രദ്ധയിൽ കൊണ്ടുവരികയും തങ്ങളുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുള്ള അവസരമൊരുക്കുകയും ചെയ്യുമെന്ന് കെഎസ്യുഎം സിഇഒ ഡോ. സജി ഗോപിനാഥ് അറിയിച്ചു. വനിതാ സംരംഭകത്വത്തിലൂടെ സമ്പദ്വ്യവസ്ഥയിൽ പുത്തൻ തരംഗമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.