ഹഡിൽ കേരളയിൽ ആഗോള സ്ഥാപനങ്ങളുമായി സ്റ്റാർട്ടപ്പ് മിഷൻ ധാരണാപത്രം ഒപ്പിട്ടു

Posted on: October 1, 2019

തിരുവനന്തപുരം : കേരള സ്റ്റാർട്ടപ്പ് മിഷനെയും സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളെയും സംരംഭകത്വത്തിൻറെ പുതിയ ഉയരങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് പ്രയോജനപ്പെടുന്ന തരത്തിൽ ആഗോള സ്ഥാപനങ്ങളായ ഓപ്പോ, വാധ്വാനി ഫൗണ്ടേഷൻ, ഓർബിറ്റൽ മൈക്രോ സിസ്റ്റംസ് എന്നിവരുമായുള്ള ധാരണാപത്രം ഒപ്പിടുന്നതിന് ഹഡിൽ കേരള-2019 ന്റെ ഉദ്ഘാടനചടങ്ങ് വേദിയായി.

ട്വിറ്റർ സ്ഥാപകൻ ബിസ് സ്റ്റോണിൻറെ കേരളത്തിലെ നിക്ഷേപ പ്രഖ്യാപനവും ഫേസ് ബുക്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടർ അജിത് മോഹൻറെ നിക്ഷേപവാഗ്ദാനവും കേന്ദ്ര സർക്കാരിൻറെ വനിതാ സംരംഭകശേഷി വികസന പദ്ധതിയുടെ കേരളത്തിലെ ഉദ്ഘാടനവും നടന്ന വേദിയിൽ തൊട്ടുപിന്നാലെയാണ് ധാരണാപത്രങ്ങൾ ഒപ്പുവച്ചത്.

ഓപ്പോ മൊബൈൽ ഇന്ത്യയുമായുള്ള കെഎസ്എം-ൻറെ ധാരണാപത്രം കേരള ഇലക്ട്രോണിക്‌സ്-ഐടി സെക്രട്ടറി എം. ശിവശങ്കർ ഐഎഎസും ഓപ്പോ ഇന്ത്യ വൈസ് പ്രസിഡൻറ് തസ്ലീം ആരിഫുമാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ സാന്നിദ്ധ്യത്തിൽ ഒപ്പുവെച്ചത്.

വാധ്വാനി ഫൗണ്ടേഷനു വേണ്ടി സീനിയർ വൈസ് പ്രസിഡൻറ് അഭിനവ് ഖേരയും എം. ശിവശങ്കറും ധാരണാപത്രം കൈമാറി. ഓർബിറ്റൽ മൈക്രോ സിസ്റ്റംസുമായുള്ള ധാരണാപത്രത്തിൽ സ്ഥാപനത്തിൻറെ സഹസ്ഥാപകൻ ഡേവിഡ് ഗലാഹറും സ്‌പേസ് പാർക്ക് സിഇഒ സന്തോഷ് കുറുപ്പും ഒപ്പുവച്ചു.
കേന്ദ്ര സർക്കാരിൻറെ ഡിപ്പാർട്ട്‌മെൻറ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻറേണൽ ട്രേഡ് ജോയിൻറ് സെക്രട്ടറി അനിൽ അഗർവാൾ, ഇൻറർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ഫൗണ്ടേഷൻ സിഇഒ ജിതേന്ദർ എം മിൻഹാസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഈ ധാരണാപത്രങ്ങളിലൂടെ സ്റ്റാർട്ടപ്പുകൾക്ക് വിപണികളിൽ പ്രവേശിക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമുള്ള സാഹചര്യം സാധ്യമാകും. ഓപ്പോയുടെ ഗവേഷണ-വികസന കേന്ദ്രത്തിൽ സ്റ്റാർട്ടപ്പുകൾക്കായി പരിശീലനവും ശില്പശാലകളും നടത്തും. കൂടാതെ ഇൻകുബേഷൻ പ്രോഗ്രാമുകൾക്കുവേണ്ട അടിസ്ഥാനസൗകര്യങ്ങളും സജ്ജമാക്കും. വനിതാ സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും ആക്‌സിലറേഷൻ പ്രോഗ്രാമുകളാണ് വാധ്വാനി ഫൗണ്ടേഷൻ നടത്തുക.

തിരുവനന്തപുരത്തെ സ്‌പേസ് പാർക്കിൽ ലോകനിലവാരത്തിൽ ഗ്ലോബൽ എർത്ത് ഒബ്‌സർവേഷൻ സെൻറർ ഓഫ് എക്‌സലൻസ് സ്ഥാപിക്കാനാണ് ഓർബിറ്റൽ മൈക്രോ സിസ്റ്റംസുമായി ധാരണാപത്രം ഒപ്പുവച്ചത്.