ഹഡിൽ കേരള രണ്ടാം പതിപ്പ് സെപ്റ്റംബർ 27 മുതൽ കോവളത്ത്

Posted on: September 15, 2019

തിരുവനന്തപുരം : ടെക്‌നോളജി സ്റ്റാർട്ടപ്പുകളുടെ ഏഷ്യയിലെ ഏറ്റവും വലിയ ഒത്തുചേരലായി മാറിയ ഹഡിൽ കേരള യുടെ രണ്ടാം പതിപ്പിന് സെപ്റ്റംബർ 18 വരെ രജിസ്റ്റർ ചെയ്യാം. കേരള സ്റ്റാർട്ടപ്പ് മിഷൻ നേതൃത്വം നൽകുന്ന ഹഡിൽ കേരള-2019 സെപ്റ്റംബർ 27, 28 തീയതികളിൽ ഇൻറർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ(ഐഎഎംഎഐ) യുടെ സഹകരണത്തോടെ കോവളം ലീല റാവിസ് ബീച്ച് റിസോർട്ടിലാണ് സംഘടിപ്പിച്ചിട്ടുള്ളത്.

ധാരണാപത്രങ്ങളും കരാറുകളും ചർച്ചകളുമൊക്കെയായി രണ്ടു ദിവസം ലീല റാവിസ് റിസോർട്ടിൽ നടക്കുന്ന സമ്മേളനം സ്റ്റാർട്ടപ്പുകൾക്ക് സ്വന്തം ഉത്പന്നങ്ങളും സേവനങ്ങളും അണിനിരത്തി മുന്നേറാനുള്ള മികച്ച വേദിയായി മാറും. കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന ഹഡിൽ ആദ്യ പതിപ്പിൽ രണ്ടായിരം സ്റ്റാർട്ടപ്പുകളും മുപ്പതോളം പ്രഭാഷകരും, പതിനഞ്ച് നിക്ഷേപകരും പങ്കെടുത്തിരുന്നു.

ബ്ലോക്ക്‌ചെയ്ൻ, നിർമിത ബുദ്ധി, ബിഗ് ഡേറ്റ, ഇൻറർനെറ്റ് ഓഫ് തിങ്‌സ്, ഡിജിറ്റൽ വിനോദമേഖല, ഡ്രോൺ ടെക്‌നോളജി, ഡിജിറ്റൽ വിനോദങ്ങൾ, ഓഗ്മെൻറഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, ഇ-ഗവേണൻസ്, മൊബൈൽ ഗവേണൻസ് യൂസർ ഇൻറർഫെയ്‌സ്/എക്‌സപീരിയൻസ് തുടങ്ങി വിപ്ലവകരമായ സാങ്കേതിക വിദ്യകളിലായിരിക്കും ഇത്തവണ ഹഡിൽ കേരളയുടെ ഊന്നൽ.

വേദിയിലെ പരിപാടികൾക്കു പുറമെ നെറ്റ് വർക്കിങ് സെഷനുകൾ, പ്രഭാഷണങ്ങൾ, ചർച്ചകൾ, ശിൽപശാലകൾ, സമാന്തര ചടങ്ങുകൾ എന്നിവയും നടക്കും. സ്ഥാപന മേധാവികൾ, സർക്കാരിലേതടക്കം നയകർത്താക്കൾ, അക്കാദമിക് വിദഗ്ധർ, വിദേശരാഷ്ട്രങ്ങളുടെ നയതന്ത്ര പ്രതിനിധികൾ എന്നിവരും ഹഡിൽ കേരളയിൽ പങ്കെടുക്കും.