സ്ത്രീയായിരിക്കുന്നതാണ് സംരംഭകയാകാനുള്ള ഏറ്റവും വലിയ മൂലധനം- വനിത സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയില്‍ അഞ്ജലി മേനോന്‍

Posted on: August 2, 2019

കൊച്ചി: സ്ത്രീ ആണെന്നുള്ളതു തന്നെയാണ് സംരംഭകയാകാനുള്ള ഏറ്റവും വലിയ മൂലധനമെന്ന് പ്രശസ്ത സംവിധായിക അഞ്ജലി മേനോന്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച വനിത സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

വിജയ ചിത്രങ്ങളുടെ സംവിധായിക ആയി മാറിയ തന്റെ ജീവിതത്തെക്കുറിച്ചാണ് അഞ്ജലി മേനോന്‍ വനിത സംരംഭകര്‍ക്ക് മുന്നില്‍ പറഞ്ഞത്. സ്വപ്നങ്ങള്‍ മുഴുവന്‍ സ്വരുക്കൂട്ടിയ ആദ്യ ചിത്രം പരാജയപ്പെട്ടെങ്കിലും പിന്നീട് പ്രേക്ഷകര്‍ക്കെന്തു വേണമെന്ന് തിരിച്ചറിഞ്ഞതിലൂടെയാണ് വിജയിക്കാനായത്.

ഷൂട്ടിംഗ് സെറ്റിലെല്ലാം സ്ത്രീയായതിനാല്‍ ഉണ്ടായ അനുഭവങ്ങള്‍ അവര്‍ വിവരിച്ചു. പല സ്ത്രീകളും ഒഴുക്കിനൊത്താണ് നീന്തുന്നത്. എന്നാല്‍ ഒഴുക്കിനെതിരെ നീന്തുമ്പോള്‍ മാത്രമാണ് താന്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സ്ത്രീകള്‍ക്ക് ബോധ്യമുണ്ടാവുകയുള്ളൂവെന്നും അവര്‍ പറഞ്ഞു.

സംരംഭകരാകാനുള്ള ഏറ്റവും വലിയ മൂലധനം സ്ത്രീയാണെന്നുള്ളതു തന്നെയാണ്. ഏറ്റവും വലിയ മാനേജ്മന്റ് പാഠങ്ങള്‍ മുഴുവന്‍ ജീവിതത്തിന്റെ വിവിധ ഘ്ട്ടങ്ങള്‍ അവളെ പഠിപ്പിക്കുന്നു. എന്തിലും ശുഭാപ്തിവിശ്വാസം കാണാന്‍ സാധിക്കുന്നത് സ്ത്രീകള്‍ക്ക് മാത്രമേയുള്ളൂവെന്നും അഞ്ജലി പറഞ്ഞു. അതു കൊണ്ടു തന്നെയാണ് വിജയിക്കില്ലെന്ന് പലരും നിരുത്സാഹപ്പെടുത്തിയിട്ടും സംരംഭകരായി ഇത്രയുമധികം വനിതകള്‍ മുന്നിലുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

സൈക്ക ഓണ്‍കോ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപക നസ്രത്ത് സംഘമിത്ര ഷീ ലവ്‌സ് ടെക് ഇന്ത്യയുടെ നാഷണല്‍ ഗ്രാന്റ് ചലഞ്ച് മത്സത്തിലെ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വിമന്‍ ഇന്‍ക്ലൂസീവ് സ്റ്റാര്‍ട്ടപ്പായി നിയോവൈബ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ അഖില്‍ പിള്ള തെരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് അഞജലി മേനോന്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കി.