ക്രിസ് ഗോപാലകൃഷ്ണന്‍ റിസോഴ്സിയോയില്‍ മൂലധന നിക്ഷേപം നടത്തി

Posted on: April 14, 2022

തിരുവനന്തപുരം : ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ റിസോഴ്‌സിയോ സ്റ്റാര്‍ട്ടപ്പില്‍ ഓഹരി ഉടമസ്ഥാവകാശം സ്വന്തമാക്കി. ബഹുഭാഷ കണ്ടന്റ് അഗ്രിഗേറ്റര്‍ സ്റ്റാര്‍ട്ടപ്പായ റിസോഴ്‌സിയോ തിരുവനന്തപുരം കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ക്രിസ് ഗോപാലകൃഷ്ണന്റെ കുടുംബ സംരംഭമായ പ്രതിതി ഇന്‍വെസ്റ്റ്‌മെന്റ്‌സിലൂടെയാണ് നിക്ഷേപം നടത്തിയിരിക്കുന്നത്.

വിജ്ഞാന കേന്ദ്രീകൃതമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാനും പങ്കുവെക്കാനും അതിലൂടെ വരുമാനമുണ്ടാക്കാനും സഹായിക്കുന്ന ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമായാണ് റിസോഴ്‌സിയോ വിഭാവനം ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും പ്രഫഷണലുകള്‍ക്കുമായുള്ള ആഗോള പ്ലാറ്റ്‌ഫോമെന്ന നിലയിലായിരിക്കും റിസോഴ്‌സിയോയുടെ പ്രവര്‍ത്തനം, ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

വിപണിയിലെ പ്രമുഖ കമ്പനികള്‍ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ ലേണിംഗ് കോഴ്‌സുകള്‍ക്ക് പൂരകമായി പ്രവര്‍ത്തിക്കുന്ന ഒരു പ്ലാറ്റ്‌ഫോമാണ് റിസോഴ്‌സിയോയെന്ന് കമ്പനിയുടെ സഹസ്ഥാപകയും
ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ഗീതിക സുദീപ് പറഞ്ഞു.