മലബാർ ഗോൾഡ് തെലുങ്കാനയിൽ 750 കോടിയുടെ നിക്ഷേപം നടത്തും

Posted on: September 16, 2021

കോഴിക്കോട് : ലോകത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് തെലങ്കാനയില്‍ 750 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു. മലബാര്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എം. പി. അഹമ്മദ് ബുധനാഴ്ച ഹൈദരാബാദില്‍ തെലങ്കാന വ്യവസായ ഐ.ടി. മന്ത്രി കെ.ടി.രാമറാവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ജ്വല്ലറി നിര്‍മാണത്തിന് 450 കോടി രൂപയും ഗോള്‍ഡ് റിഫൈനറി സ്ഥാപിക്കുന്നതിന് 300 കോടി രൂപയുമാണ് മുടക്കുന്നത്.

ചര്‍ച്ചയില്‍ തെലങ്കാന വ്യവസായ-ഐ.ടി സെക്രട്ടറി ജയേഷ് രഞ്ജന്‍, മലബാര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ (ഇന്ത്യ ഓപറേഷന്‍സ്) ഒ.ആഷര്‍, വൈസ് ചെയര്‍മാന്‍ കെ.പി. അബ്ദുള്‍ സലാം, സി.എഫ്.ഒ എസ്. രാമകൃഷ്ണന്‍, റിട്ടെയില്‍ ഹെഡ് റെസ്റ്റ് ഓഫ് ഇന്ത്യ) പി.കെ. സിറാജ് തുടങ്ങിയവരും പങ്കെടുത്തു.

ഹൈദരാബാദ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലാണ് മലബാറിന്റെ പുതിയ പദ്ധതി വരുന്നത്. ഫാക്ടറി സ്ഥാപിക്കുന്നതിനുളള എല്ലാ അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാര്‍ ലഭ്യമാക്കുമെന്ന് മന്ത്രി രാമറാ
വു ഉറപ്പുനല്‍കി. പദ്ധതിക്ക് 3.7 ഏക്കര്‍ സ്ഥലമാണ് ആവശ്യമുള്ളത്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 2500 പേര്‍ക്ക് ജോലി ലഭിക്കും.

തെലങ്കാനയില്‍ ഇപ്പോള്‍ തന്നെ മലബാറിന് 15 റിട്ടെയില്‍ ഷോറൂമുകളുണ്ട്. അവയില്‍ ആയിരം പേര്‍ ജോലി ചെയ്യുന്നു. തെലങ്കാനയിലെ റിട്ടെയില്‍ ശൃംഖല വിപുലമാക്കാനും മലബാര്‍ തീരുമാനിച്ചിട്ടുണ്ട്. ആഭ്യന്തരവിപണയും വിദേശ വിപണിയും ലക്ഷ്യമിട്ടാണ് തെലങ്കാനയില്‍ ഫാക്ടറി സ്ഥാപിക്കുന്നത്.
ഇന്ത്യയിലും വിദേശത്തും ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് തെലങ്കാനയിലും കൂടുതല്‍ നിക്ഷേപം നടത്തുന്നതെന്ന് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു.

പത്തു രാജ്യങ്ങളിലായിഇപ്പോള്‍ 260 വില്‍പ്പനശാലകളും 13 നിര്‍മാണ യൂണിറ്റുകളും മലബാറിനുണ്ട്. തെലങ്കാന സര്‍ക്കാരിന്റെയും വ്യവസായ-ഐ.ടി മന്ത്രി കെടി രാമറാവുവിന്റെയും പ്രോത്സാഹജനകമായ സമീപനമാണ് തെലങ്കാനയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ പ്രേരണയായതെന്ന് എംപി അഹമ്മദ് അറിയിച്ചു.