സൈറസ് മിസ്ത്രി : ടാറ്റാസൺസ് തീരുമാനം സുപ്രീംകോടതി ശരിവെച്ചു

Posted on: March 27, 2021

ന്യൂഡല്‍ഹി: ചെയര്‍മാനും എക്‌സിക്യുട്ടീവ് ഡയറക്ടറുമായിരുന്ന സൈറസ് മിസ്ത്രിയെ സ്ഥാനത്തുനിന്ന് നീക്കിയ ടാറ്റ സണ്‍സിന്റെ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. മിസ്ത്രിയെ പുനര്‍നിയമിക്കണമെന്ന ദേശീയ കമ്പനി നിയമ ട്രിബ്യൂണലിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കി.

മിസ്ത്രിക്കെതിരായ ടാറ്റ സണ്‍സിന്റെ നടപടി ചെറുകിട ഓഹരിയുടമകളെ അടിച്ചമര്‍ത്തലാണെന്ന വാദം സുപ്രീംകോടതി തള്ളി. ടാറ്റാ സണ്‍സും മിസ്ത്രിയും വേര്‍പിരിയുന്നതിനുള്ള നിബന്ധനകള്‍ അവര്‍ക്ക് തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു. ഇന്ത്യന്‍ കോര്‍പ്പറേറ്റ് രംഗത്തെ പരസ്യമായ ഉള്‍പ്പോരിനാണ് തത്കാലം തിരശ്ശീലയിട്ടത്.

ടാറ്റ ഗ്രൂപ്പിലെ ഏറ്റവും വലിയ ഓഹരിയുടമകള്‍ ടാറ്റ സണ്‍സാണ്. ചെറുകിട ഓഹരിയുടമകളില്‍ ഏറ്റവും വലുതാണ് മിസ്ത്രി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഷപൂര്‍ജി പല്ലോന്‍ജി (എസ്.പി.) ഗ്രൂപ്പ്. ഇവര്‍ക്ക് ടാറ്റ ഗ്രൂപ്പില്‍ 18.37 ശതമാനം ഓഹരിയുണ്ട്. 70 വര്‍ഷത്തെ ബന്ധമുള്ള രണ്ട് കുടുംബ ഗ്രൂപ്പുകള്‍ തമ്മിലുള്ള വേര്‍പിരിയല്‍ വിധിയോടെ ഇനി എളുപ്പമായേക്കും.

നീതിയുക്തമായ പരിഹാരം ലഭിച്ചാല്‍ ടാറ്റ ഗ്രൂപ്പില്‍ നിന്ന് വിട്ടുപോകാന്‍ തയ്യാറാണെന്ന് എസ്.പി. ഗ്രൂപ്പ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മിസ്ത്രി ഗ്രൂപ്പിന്റെ കൈവശമുള്ള ഓഹരികള്‍ക്ക് 70,000 മുതല്‍ 80,000 കോടി രൂപ വരെ മൂല്യമുണ്ടെന്നാണ് ടാറ്റ ഗ്രൂപ്പ് കണക്കാക്കിയത്. എന്നാല്‍ തങ്ങളുടെ ഓഹരിക്ക് 1.75 ലക്ഷം കോടിയുടെ മൂല്യമുണ്ടെന്നാണ് മിസ്ത്രി ഗ്രൂപ്പ് അവകാശപ്പെടുന്നത്.

2016 ഒക്ടോബര്‍ 24-നാണ് സൈറസ് മിസ്ത്രിയെ ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കിയത്.

TAGS: Tata |