ജെഫ് ബെസോസ് ആമസോണ്‍ സിഇഒ സ്ഥാനം ഒഴിയും

Posted on: February 4, 2021

ന്യൂയോര്‍ക്ക്: ആമസോണ്‍ സ്ഥാപകനും കോടീശ്വരനുമായ ജെഫ് ബെസോസ് കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് സ്ഥാനം ഒഴിയും. ആമസോണിന്റെ വെബ് സര്‍വീസിന്റെ തലവന്‍ ആന്‍ഡി ജാസ്സിയാകും പകരക്കാരനാകുക. ഇനിമുതല്‍ കമ്പനിയുടെ എക്‌സിക്യുട്ടീവ് ചെയര്‍മാന്റെ സ്ഥാനമാകും ബെസോസ് വഹിക്കുക. 2021 അവസാനത്തോടെയാകും സ്ഥാനമാറ്റം.

തന്റെ മറ്റുസംരംഭങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അദ്ദേഹം കത്തില്‍ വ്യക്തമാക്കി. ആമസോണ്‍ സി.ഇ.ഒ. എന്നത് ഏറെ ഉത്തരവാദിത്വം ആവശ്യമുള്ള പദവിയാണെന്നും മറ്റുകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അത് തടസ്സമാണെന്നും അദ്ദേഹം പറഞ്ഞു.തുടര്‍ച്ചയായ മൂന്നു ക്വാര്‍ട്ടറില്‍ ലാഭം കൈവരിക്കുകയും വില്പനയില്‍ റെക്കോഡിടുകയും ചെയ്തതിനു പിന്നാലെയാണ് തീരുമാനം.