ജെഫ് ബെസോസ് @ 20,000 കോടി ഡോളര്‍

Posted on: August 28, 2020

കൊച്ചി: ലോകമാകെ, കോവിഡ്-19 പ്രതിസന്ധി പടര്‍ന്നുപിടിക്കലിനിടയിലും ഇ-കൊമേഴ്സ് ഭീമനായ ആമസോണിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ ജെഫ് ബെസോസിന് ഇത് റെക്കോഡ് കാലം. സമ്പത്ത് 20,000 കോടി ഡോളറിലെത്തുന്ന ലോകത്തിലെ ആദ്യത്തെ വ്യക്തിയെന്ന റെക്കോഡാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. അതായത്, 15 ലക്ഷം കോടി രൂപ.

കോവിഡ് യു.എസില്‍ നിയന്ത്രണാതീതമായി വ്യാപിച്ചിട്ടും ആമസോണ്‍ ഓഹരി വിപണിയില്‍ നേട്ടം കൊയ്തതാണ് ജെഫിന്റെ ആസ്തിയില്‍ പ്രതിഫലിച്ചത്. 2020-ന്റെ തുടക്കം മുതലുള്ള കണക്കെടുത്താല്‍ ആമസോണിന്റെ ഓഹരി വിലയില്‍ ഏതാണ്ട് 80 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. കഴിഞ്ഞ ദിവസം മാത്രം ആമസോണിന്റെ ഓഹരി മൂല്യം 2.3 ശതമാനം വര്‍ധിച്ച് 3,423 ഡോളറിലെത്തി. വ്യാഴാഴ്ചത്തെ കണക്ക് പ്രകാരം ബെസോസിന്റെ സമ്പത്ത് 20,460 കോടി ഡോളറാണ്.

ലോകത്തിലെ രണ്ടാമത്തെ അതിസമ്പന്നന്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിന്റെ ആസ്തി 11,610 കോടി ഡോളറാണ്. ഒരു നിക്ഷേപക സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് 1994-ലാണ് ന്യൂയോര്‍ക്കിലെ സിയാറ്റിലിലെ ഒരു ഗാരേജില്‍ ബെസോസ്, ആമസോണിന് തുടക്കമിട്ടത്. ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറായിട്ടായിരുന്നു തുടക്കമെങ്കിലും പിന്നീട് മറ്റു മേഖലകളിലേക്കും കടന്നു.