സിബിൽ സ്‌കോർ പരിഷ്‌കരണം : അവകാശമെന്ന് കേരള ഹൈക്കോടതി

Posted on: January 26, 2021

കൊച്ചി: സിബില്‍ സ്‌കോര്‍ പുതുക്കുക എന്നത് വായ്പ എടുക്കുന്നയാളുടെ നിയമപരമായ അവകാശമാണെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ എന്തെങ്കിലും അപാകം വ്യക്തികള്‍ ചൂണ്ടിക്കാട്ടിയാല്‍ പരിഗണിക്കാന്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ക്ക് ബാധ്യതയുണ്ടെന്നും ജസ്റ്റിസ് എന്‍. നഗരേഷ് വ്യക്തമാക്കി. ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനീസ് റെഗുലേഷന്‍ ആക്ടിലെ സെക്ഷന്‍ 21(3) ഇക്കാര്യത്തില്‍ അനുമതി നല്‍കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ക്രെഡിറ്റ് സ്‌കോര്‍ പ്രതികൂലമായതിന്റെ പേരില്‍ വായ്പ നിഷേധിക്കപ്പെട്ട കൊല്ലം സ്വദേശി സുജിത് പ്രസാദിന്റെ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതിയുടെ നിര്‍ദേശം.

ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ നല്‍കുന്ന ക്രെഡിറ്റ് സ്‌കോറിലെ അപാകം വ്യക്തികളെ ദോഷകരമായി ബാധിക്കും. മുമ്പെടുത്ത വായ്പകളെ അടിസ്ഥാനമാക്കിയാണ് ക്രെഡിറ്റ് സ്‌കോര്‍ നിശ്ചയിക്കുന്നത്.

ക്രെഡിറ്റ് സ്‌കോര്‍ ആണ് ഒരാള്‍ക്ക് വായ്പ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ കണക്കിലെടുക്കുന്നത്. ഈ പ്രാധാന്യം കണക്കിലെടുത്താണ് പാര്‍ലമെന്റ് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനീസ് റെഗുലേഷന്‍ ആക്ട് പാസാക്കിയതെന്നും കോടതി വിലയിരുത്തി.ഹര്‍ജിക്കാരന്‍ ഐ.സി.ഐ.സി.ഐ. ബാങ്കില്‍നിന്ന് രണ്ട് തവണയായി 3.37 ലക്ഷം രൂപ വായ്പ എടുത്തിരുന്നു.

ഇടയ്ക്ക് മുടങ്ങിയെങ്കിലും വായ്പ പൂര്‍ണമായും അടച്ചു. ഇതിന് ശേഷം മറ്റൊരു ബാങ്കില്‍ വാഹന വായ്പയ്ക്കായി സമീപിച്ചു. സിബില്‍ സ്‌കോറില്‍ പ്രതികൂല പരാമര്‍ശം ഉണ്ടെന്നതിന്റെ പേരില്‍ ഈ ബാങ്ക് വായ്പ നിഷേധിച്ചു. വായ്പ പൂര്‍ണമായി അടച്ചിട്ടും ഐ.സി.ഐ.സി.ഐ. ബാങ്ക് പ്രതികൂല റിപ്പോര്‍ട്ട് നല്‍കിയതാണ് ക്രെഡിറ്റ് സ്‌കോര്‍ കുറയാന്‍ കാരണമായതെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. കേസില്‍ എതിര്‍കക്ഷിയായിരുന്നെങ്കിലും ബാങ്കിനായി ആരും കോടതിയിലും ഹാജരായില്ല. ബാങ്കില്‍നിന്ന് ശരിയായ വിവരം ലഭിക്കാതെ ക്രെഡിറ്റ് സ്‌കോറില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നും ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനി അറിയിച്ചു.

ഈ സാഹചര്യത്തില്‍ രണ്ടാഴ്ചയ്ക്കകം ഹര്‍ജിക്കാരന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പൂര്‍ണമായും ക്രെഡിറ്റ് കമ്പനിക്ക് കൈമാറണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഈ വിവരങ്ങള്‍ ലഭിച്ചാല്‍ അതിന് അനുസരിച്ച് ക്രെഡിറ്റ് കമ്പനി ഹര്‍ജിക്കാരന്റെ സിബില്‍ സ്‌കോറില്‍ മാറ്റം വരുത്തുകയും വേണം.:ഇതുവരെ എടുത്ത വായ്പയും വായ്പയുടെ തിരിച്ചടവും അതിന്റെ രീതികളും വെച്ച് സിബില്‍പോലുള്ള ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനിയിടുന്ന മാര്‍ക്കാണ് സിബില്‍ സ്‌കോര്‍. 300 മുതല്‍ 900 മാര്‍ക്കുവരെയാണ് നല്‍കുന്നത്. 700 മാര്‍ക്കില്‍ കൂടുതല്‍ കിട്ടിയാല്‍ മികച്ചതാണെന്ന് പറയാം.

 

TAGS: CIBIL |