രാജ്യത്തെ ഉപഭോഗ വായ്പാ വിപണിയില്‍ മാന്ദ്യം തുടരുന്നു

Posted on: October 31, 2019

കൊച്ചി: രാജ്യത്തെ ഉപഭോഗ വായ്പാ വിപണി വളര്‍ച്ച രണ്ടാം ക്വാര്‍ട്ടറിലും മുരടിപ്പിലൂടെ കടന്നുപോവുകയാണെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ ഇന്‍ഡസ്ട്രി ഇന്‍സൈറ്റ്സ് റിപ്പോര്‍ട്ട് (ഐഐആര്‍) പറയുന്നു. ബാങ്കിംഗേതര ധനകാര്യ കമ്പനികള്‍ ഇപ്പോഴും സമ്മര്‍ദ്ദത്തിലാണെന്നും റിപ്പോര്‍ട്ടു പറയുന്നു.

രണ്ടാം ക്വാര്‍ട്ടറില്‍ ഉപഭോക്തൃ വായ്പാ വളര്‍ച്ച മുന്‍വര്‍ഷമിതേ കാലയളവിലെ 23.5 ശതമാനത്തില്‍നിന്ന് 17.1 ശതമാനമായി കുറഞ്ഞു. ക്രെഡിറ്റ് കാര്‍ഡ്, വ്യക്തിഗത വായ്പ് എന്നിവ കാര്‍ വായ്പ, ഭാവന വായ്പ, വസ്തു ഈടില്‍മേലുള്ള വായ്പ എന്നിവയെ അപേക്ഷിച്ച് മികച്ച വളര്‍ച്ച നേടിയിട്ടുണ്ട്. വായ്പ ലഭിച്ച ഇടപാടുകാരുടെ എണ്ണം രണ്ടാം ക്വാര്‍ട്ടറില്‍ 21.7 ശതമാനം വളര്‍ച്ച കാണിച്ചു.

ക്രെഡിറ്റ് കാര്‍ഡ് വായ്പയില്‍ 30.2 ശതമാനവും വ്യക്തിഗതവായ്പ 30.8 ശതമാനവും വളര്‍ച്ച കാണിച്ചപ്പോള്‍ ഭവന വായ്പ 6.3 ശതമാനം കുറഞ്ഞു. വസ്തു ഈടു വച്ചുള്ള വായ്പ 20.9 ശതമാനമാണ് ഇടിഞ്ഞത്. വാഹന വായ്പ 0.5 ശതമാനം ഇടിവു കാണിച്ചു.

വസ്തു ഈടില്‍മേലുള്ള വായ്പയുടെ ഒഴികെ മറ്റെല്ലാ വായ്പ ഉപകരണങ്ങളിലേയും തിരിച്ചടവിലെ വീഴ്ചയുടെ നിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു.

TAGS: CIBIL | Transunion |