ക്രെഡിറ്റ് സ്‌ക്കോറിലെ മാറ്റങ്ങള്‍ തല്‍സമയം അറിയിച്ച് സിബില്‍

Posted on: October 14, 2019

കൊച്ചി: ക്രെഡിറ്റ് സ്‌ക്കോറില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഉപഭോക്താക്കളെ തല്‍സമയം അറിയിക്കുന്ന സംവിധാനത്തിന് ട്രാന്‍സ് യൂണിയന്‍ സിബില്‍ തുടക്കം കുറിച്ചു. വായ്പകള്‍ തേടാനുള്ള തങ്ങളുടെ ശേഷിയെക്കുറിച്ചും വായ്പകളെ കുറിച്ചും ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കാനുള്ള സിബിലിന്റെ സബ്സ്‌ക്രിപ്ഷന്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഏറ്റവും പുതിയ ഈ സവിശേഷത വഴി ക്രെഡിറ്റ് സ്‌ക്കോറിലും റിപോര്‍ട്ടിലും ഉണ്ടാകുന്ന പ്രധാന മാറ്റങ്ങളാവും അറിയിക്കുക.

വിവിധ വായ്പാ അനുബന്ധ സാഹചര്യങ്ങള്‍ തങ്ങളുടെ ക്രെഡിറ്റ് സ്‌ക്കോറിനെ എങ്ങിനെ ബാധിക്കും എന്നു പരിശോധിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന സ്‌ക്കോര്‍ സിമുലേറ്റര്‍ സൗകര്യം ഈ വര്‍ഷം ആദ്യം സിബില്‍ പുറത്തിറക്കിയിരുന്നു. പുതിയ വായ്പാ അക്കൗണ്ട് ആരംഭിക്കുന്നതും പഴയ ക്രെഡിറ്റ് കാര്‍ഡ് അവസാനിപ്പിക്കുന്നതും അടക്കമുള്ള നടപടികള്‍ ‘ഭാവിയിലെ ക്രെഡിറ്റ് സ്‌ക്കോറിനെ എങ്ങനെ ബാധിക്കും എന്നിവ അടക്കമുള്ള കാര്യങ്ങളാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്.

ഇപ്പോള്‍ അവതരിപ്പിക്കുന്ന സിബില്‍ അലര്‍ട്ട് വഴി ക്രെഡിറ്റ് സ്‌ക്കോറിലും റിപോര്‍ട്ടിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കു പുറമെ വിവിധ വായ്പാ പദ്ധതികളിലെ ഉപഭോക്താവിന്റെ രീതിയും വായ്പാ പ്രൊഫൈലും എവിടെ നിന്നും എപ്പോഴും പരിശോധിക്കാനും അവസരമുണ്ടാകും. നിര്‍ണായക തീരുമാനങ്ങള്‍ കൃത്യ സമയത്ത് കൈക്കൊള്ളാനും ഉപഭോക്താവിനെ ഇതു സഹായിക്കും. സിബിലില്‍ നിന്നു തെരഞ്ഞെടുക്കുന്ന സബ്സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ക്കൊപ്പം ഈ പുതിയ സിബില്‍ അലര്‍ട്ടും സ്‌ക്കോര്‍ സിമുലേറ്ററും ലഭ്യമാണ്.

വായ്പകളില്‍ 79 ശതമാനവും ഉയര്‍ന്ന സിബില്‍ സ്‌ക്കോറിന്റെ അടിസ്ഥാനത്തിലാണ് നല്‍കുന്നതെന്നതിനാല്‍ വായ്പാ പ്രൊഫൈല്‍ തുടര്‍ച്ചയായി പരിശോധിച്ച് ഉയര്‍ന്ന സ്‌ക്കോര്‍ നിലനിര്‍ത്തുന്നതിന് അതിന്റേതായ പ്രാധാന്യമുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ട്രാന്‍സ് യൂണിയന്റെ ഡയറക്ട് ടു കണ്‍സ്യൂമേഴ്സ് ഇന്ററാറ്റീവ് വിഭാഗം മേധാവി സുജാത അഹ്ലാവത് ചൂണ്ടിക്കാട്ടി. ഇതിനു പുറമെ തുടര്‍ച്ചയായ വിവരങ്ങള്‍ ലഭിക്കുന്നതു മൂലം എന്തെങ്കിലും അനധികൃത ഇടപാടുകള്‍ നടന്നാല്‍ അതറിയാനും സാധിക്കുമെന്നും സുജാത ചൂണ്ടിക്കാട്ടി.

TAGS: CIBIL |