ജനറേഷന്‍ സെഡ് ഉപഭോക്താക്കള്‍ വായ്പാ മേഖലയിലേക്കു കുടുതല്‍ എത്തുന്നതായി റിപോര്‍ട്ട്

Posted on: February 8, 2020

കൊച്ചി: ഇരുപത്തിയഞ്ചു വയസിനു താഴേയുള്ള ജനറേഷന്‍ സെഡ് വിഭാഗത്തില്‍ പെട്ട യുവാക്കള്‍ വായ്പാ വിപണിയിലേക്കു കൂടുതലായി എത്തുന്നുവെന്ന് ട്രാന്‍സ്‌യൂണിയന്റെ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 1995-ലോ അതിനു ശേഷമോ ജനിച്ച 90 ലക്ഷത്തിലേറെ ഉപഭോക്താക്കളാണ് ഇന്ത്യന്‍ വായ്പാ മേഖലയില്‍ സജീവമായുള്ളത്. ഇരുചക്ര വാഹനങ്ങള്‍ക്കാണ് (21%) ഇവര്‍ കൂടുതലായി വായ്പ എടുത്തിട്ടുള്ളത്. ഇതിനു പിന്നിലായി ഉപഭോക്തൃ വസ്തുക്കളും (13%) ക്രെഡിറ്റ് കാര്‍ഡുകളുമാണ് (11%) ഉളളത്.

ഇന്ത്യ, കൊളംബിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വികസിച്ചു വരുന്ന വായ്പാ വിപണികളും കാനഡ, ഹോങ്കോങ്, അമേരിക്ക പോലുള്ള ഇതിനകം തന്നെ ശക്തമായിട്ടുള്ള വിപണികളും ട്രാന്‍സ്‌യൂണിയന്‍ പഠനത്തിനു വിധേയമാക്കിയിരുന്നു. 25 വയസിനു താഴെയുള്ള 609 ദശലക്ഷം പേര്‍ ഇന്ത്യയിലുണ്ട്. അതില്‍ 18 വയസു കഴിഞ്ഞ അര്‍ഹരായ 147 ദശലക്ഷം പേരുണ്ട്. എന്നാല്‍ ഇതിന്റെ വെറും ആറു ശതമാനം വരുന്ന 90 ലക്ഷം പേര്‍ മാത്രമാണ് വായ്പാ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതെന്നും ട്രാന്‍സ്‌യൂണിയന്‍ പഠനം ചൂണ്ടിക്കാട്ടുന്നു. ഇവരില്‍ 80 ശതമാനം പേരും ഏതെങ്കിലും ഒരു വായ്പാ പദ്ധതി മാത്രമേ പ്രയോജനപ്പെടുത്തിയിട്ടുള്ളു. ഏറ്റവും കൂടുതലായി (21 ശതമാനം) പ്രയോജനപ്പെടുത്തിയിട്ടുള്ളത് ഇരുചക്ര വാഹന വായ്പയാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

TAGS: CIBIL | Trans Union |