എം എ യൂസഫലി ഐ.സി.എം. ഗവേണിംഗ് കൗൺസിൽ അംഗം

Posted on: January 19, 2021

ദുബായ് : ഇന്ത്യ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ (ഐ.സി.എം.) ഗവേണിംഗ് കൗണ്‍സില്‍ വിദഗ്ധ സമിതിയംഗമായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിയെ നിയമിച്ചു. ഇതു സംബന്ധിച്ച അറിയിപ്പ് കേന്ദ്രവിദേശകാര്യ മന്ത്രാലയത്തില്‍നിന്ന് യൂസഫലിക്ക് ലഭിച്ചു.

വിദേശത്ത് തൊഴിലന്വേഷകരായി പോകുന്ന പ്രവാസികളെ സംബന്ധിച്ച നയപരമായ കാര്യങ്ങളില്‍ വിദേശകാര്യ മന്ത്രാലയത്തെ സഹായിക്കുന്ന സമിതിയാണ് ഐ.സി.എം.

തൊഴില്‍ മേഖലയിലെ മാനവവിഭവശേഷി അന്താരാഷ്ട്ര നിലവാരത്തില്‍ സജ്ജമാക്കുക, വിദേശ രാജ്യങ്ങളിലെ തൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, തികഞ്ഞ യോഗ്യരും നൈപുണ്യ പരിശീലനം ലഭിച്ചവരുമായ തൊഴില്‍സമൂഹം ഏറെയുള്ള രാജ്യമായി ഇന്ത്യയെ ഉയര്‍ത്തിക്കാട്ടുക, വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ തൊഴില്‍ സമൂഹത്തിനാവശ്യമായ ക്ഷേമപദ്ധതികള്‍ തയ്യാറാക്കുക തുടങ്ങിയവയാണ് ഐ.സി.എമ്മിന്റെ ചുമതലകള്‍.

വിദേശകാര്യമന്ത്രാലയം സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ കേന്ദ്ര സാമ്പത്തികമന്ത്രാലയം സെക്രട്ടറി, തൊഴില്‍ മന്ത്രാലയം സെക്രട്ടറി, ചെറുകിട ഇടത്തരം സംരംഭക മന്ത്രാലയം സെക്രട്ടറി എന്നിവരും അംഗങ്ങളാണ്.