ബിസിനസുകളുടെ ഡിജിറ്റൽ മാറ്റത്തിനായി എയർടെലും ആമസോൺ വെബ് സർവീസുമായി ധാരണ

Posted on: August 8, 2020

ന്യൂഡൽഹി : ടെലികോം സേവനദാതാക്കളായ ഭാരതി എയർടെൽ ആമസോൺ വെബ് സർവീസുമായി സഹകരിച്ച് ഇന്ത്യയിലെ വലിയ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി നൂതനമായ ക്ലൗഡ് സേവനങ്ങൾ ലഭ്യമാക്കും. മൾട്ടി-ക്ലൗഡ് ഉത്പന്നവും ബിസിനസ് പരിഹാരവുമായ എയർടെൽ ക്ലൗഡ് ഉൾപ്പടെയുള്ള സംയോജിത ഉത്പന്ന ശ്രേണിയുമായി എയർടെൽ 2500 ൽ അധികം വലിയ സംരംഭങ്ങൾക്കും വളർന്നു വരുന്ന ദശലക്ഷത്തിലധകം ബിസിനസുകൾക്കും കമ്പനികൾക്കും സേവനങ്ങൾ നൽകുന്നുണ്ട്.

എഡബ്ല്യൂഎസ് പ്രൊഫഷണൽ സേവനങ്ങളുടെ പിന്തുണയോടെ എയർടെൽ ക്ലൗഡ് എഡബ്ല്യൂഎസ് ക്ലൗഡ് പരിശീലനം പടുത്തുയർത്തും. അതോടൊപ്പം എഡബ്ല്യൂഎസ് സേവനങ്ങളുടെ ശേഷി കൂട്ടുകയും വ്യത്യസ്തമായ എയർടെൽ ക്ലൗഡ് ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയും ചെയ്യും. എയർടെൽ ഉപഭോക്താക്കൾക്ക് സംയോജിത സെയിൽസ്, കൺസൾട്ടിങ്, രണ്ടു കമ്പനികളിൽ നിന്നുമുള്ള പിന്തുണ, മെച്ചപ്പെട്ട സുരക്ഷ, ക്ലൗഡ് പരിപാലന ശേഷി തുടങ്ങിയ നേട്ടങ്ങൾ ലഭിക്കുകയും ചെയ്യും.

എയർടെൽ ക്ലൗഡ് ഉപഭോക്താക്കൾക്ക് എഡബ്ല്യൂഎസ് സേവനങ്ങളുടെ ഒരു ശ്രേണി തന്നെ ലഭ്യമാക്കുന്നുണ്ട്. എഡബ്ല്യൂഎസ്, എസ്എപി, വിഎംവെയർ ക്ലൗഡ്, ഡാറ്റാബേസ് മൈഗ്രേഷൻ, സുരക്ഷ, റിസ്‌ക് ഗവർണൻസ് സൊല്യൂഷൻ തുടങ്ങിയ സേവനങ്ങളെല്ലാം ലഭ്യമാണ്. കൂടാതെ ഉപഭോക്താക്കൾക്ക് പുതിയ സർവീസുകളിലേക്ക് മാറാവുന്ന ഡാറ്റാ അനലിറ്റിക്സ്, ഡാറ്റാ വെയർഹൗസിങ്, ഇന്റർനെറ്റ് ഓഫ് തിങ്ക്സ്, മെഷീൻ ലേണിങ് തുടങ്ങിയവയും എഡബ്ല്യൂഎസിലൂടെ എയർടെൽ ക്ലൗഡ് നൽകും.

ഇന്ത്യയിലെ ബിസിനസുകൾ ഡിജിറ്റലിലേക്ക് മാറുന്നതിന്റെ ഭാഗമായി ക്ലൗഡ് സ്വീകരിക്കുന്നുണ്ട്. ഇന്ത്യയിലെ പൊതു ക്ലൗഡ് സേവന വിപണി 2024ൽ 7.1 ബില്ല്യൻ ഡോളറാകുമെന്നാണ് ഐഡിസി സെമി ആനുവൽ പബ്ലിക്ക് ക്ലൗഡ് സർവീസ് ട്രാക്കർ-ഫോർകാസ്റ്റ് 2019എച്ച്2 പറയുന്നതെന്ന് ഐഡിസി ഇന്ത്യ ക്ലൗഡ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രിൻസിപ്പൽ അനലിസ്റ്റ് റിഷു ശർമ പറഞ്ഞു.

ഈ സഹകരണം ലോകത്തെ പ്രമുഖ ക്ലൗഡ് പ്ലാറ്റ്ഫോമിനെയും എയർടെലിന്റെ വിപുലവും സുരക്ഷിതവുമായ നെറ്റ്വർക്കിനെയും ഡാറ്റാ സെന്ററുകളെയും ഒന്നിപ്പിക്കുകയാണെന്നും ഭാരതി എയർടെൽ ക്ലൗഡ് ആൻഡ് സെക്യൂരിറ്റി ബിസിനസ് സിഐഒയും മേധാവിയുമായ ഹർമീൻ മേത്ത പറഞ്ഞു.

കൂടാതെ ഡിജിറ്റൽ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനും എയർടെൽ എഡബ്ല്യൂഎസിനെ ആശ്രയിക്കുകയാണ്. എയർടെൽ എഡബ്ല്യൂഎസിന്റെ ഡയറക്റ്റ് കണക്റ്റ് ഡെലിവറി പാർട്ട്ണറുമാണ്. ഉപഭോക്താവിന് നേരിട്ട് നെറ്റ്വർക്ക് കണക്ഷൻ സാധ്യമാക്കുന്ന ക്ലൗഡ് സേവനമാണ് എഡബ്ല്യൂഎസ് ഡയറക്റ്റ് കണക്റ്റ്. ഉപഭോക്താവിന് വർധിച്ച ബാൻഡ്വിഡ്തിനൊപ്പം സുസ്ഥിരമായ നെറ്റ്വർക്ക് പ്രകനവും സ്വകാര്യതയും ലഭിക്കും.

എയർടെലുമായിട്ടുള്ള സഹകരണം വിപുലമാക്കുന്നതിൽ സന്തോഷമുണ്ടെന്നും കൂടുതൽ വേഗത്തിലും അളവിലും പ്രവർത്തിക്കുന്നതിനായി ഇന്ത്യൻ കമ്പനികൾ നൂതനമായ ക്ലൗഡ് ഉപയോഗിക്കുകയാണെന്നും എയർടെൽ പോലെ ക്ലൗഡ് പരിചയമുള്ള സഹകാരികൾ അവർക്ക് വേണ്ട പിന്തുണ നൽകുന്നുവെന്നും ഉപഭോക്താക്കളോട് ശക്തമായ പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചിട്ടുള്ള എയർടെലുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിലേക്ക് ഉറ്റുനോക്കുകയാണെന്നും ആമസോൺ ഇന്റർനെറ്റ് സർവീസസ് ഇന്ത്യ-ദക്ഷിണേഷ്യ കമേഴ്സ്യൽ ബിസിനസ് പ്രസിഡന്റ് പുനീത് ചന്ദോക്ക് പറഞ്ഞു.