റോഷ്‌നി നാടാർ എച്ച്‌സിഎൽ ടെക് ചെയർപേഴ്‌സൺ

Posted on: July 18, 2020

ന്യൂഡൽഹി : ഐടി കമ്പനിയായ എച്ച്‌സിഎൽ ടെക്‌നോളജീസിന്റെ ചെയർപേഴ്‌സണായി കമ്പനി സ്ഥാപകൻ ശിവ് നാടാരുടെ പുത്രി റോഷ്‌നി നാടാർ നിയമിതയായി. നിലവിൽ നോയിഡ ആസ്ഥാനമായുള്ള എച്ച്‌സിഎൽ കോർപറേഷന്റെ സിഇഒ ആണ്. ഫോബ്‌സ് തയാറാക്കിയ ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയിൽ റോഷ്‌നി 54 ാം സ്ഥാനത്താണ്. എച്ച്‌സിഎൽ ഹെൽത്ത്‌കെയർ വൈസ് ചെയർമാൻ ശിഖർ മൽഹോത്രയാണ് ഭർത്താവ്.

യുഎസ്എയിൽ നിന്ന് കമ്മ്യൂണിക്കേഷനിൽ ബിരുദവും കെല്ലോഗ്‌സ് സ്‌കൂൾ ഓഫ് മാനേജ്‌മെന്റിൽ നിന്ന് എംബിഎയും കരസ്ഥമാക്കിയിട്ടുള്ള റോഷ്‌നി നാടാർ 2009 ൽ എച്ച്‌സിഎല്ലിന്റെ ഭാഗമായത്. നേരത്തെ സ്‌കൈ ന്യൂസ് യുകെ, സിഎൻഎൻ എന്നിവയിൽ മാധ്യമപ്രവർത്തകയായിരുന്നു.

എച്ച്‌സിഎൽ ടെക്‌നോളജീസിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ശിവ് നാടാർ മാനേജിംഗ് ഡയറക്ടറായി തുടരും. പദവിയുടെ പേര് ചീഫ് സ്ട്രാറ്റജി ഓഫീസർ എന്നായിരിക്കും. എച്ച്‌സിഎൽ ടെക്‌നോളജീസ്, എച്ച്‌സിഎൽ ഇൻഫോസിസ്റ്റം, എച്ച്‌സിഎൽ ഹെൽത്ത്‌കെയർ എന്നിവയാണ് എച്ച്‌സിഎൽ കോർപറേഷന്റെ ഭാഗമായ കമ്പനികൾ.