എച്ച്‌സിഎൽ ഗ്രാൻഡ് : മൂന്ന് സന്നദ്ധ സംഘടനകൾക്ക് 5 കോടി രൂപ വീതം

Posted on: February 23, 2017

എച്ച്‌സിഎൽ ഗ്രാൻഡ് പുരസ്‌കാരച്ചടങ്ങിൽ വിജയികളായ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ, എച്ച്‌സിഎൽ സ്ഥാപക ചെയർമാൻ ശിവ് നടാർ, എച്ച്‌സിഎൽ ഗ്രാൻഡ് അവാർഡ് നിർണയ സമിതി അദ്ധ്യക്ഷ റോബിൻ അബ്രാംസ് എന്നിവർ കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലിക്കൊപ്പം.

കൊച്ചി : എച്ച്‌സിഎൽ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ എച്ച്‌സിഎൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സന്നദ്ധ സംഘടനകൾക്കുള്ള എച്ച്‌സിഎൽ ഗ്രാൻഡ് പുരസ്‌കാരം േനായ്ഡയിൽ സംഘടിപ്പിച്ച ചടങ്ങിൽ കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലി സമ്മാനിച്ചു. പരിസ്ഥിതി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ഏറ്റവും മികച്ച സന്നദ്ധ സംഘടനകൾക്ക് 5 കോടി രൂപ വീതമാണ് നൽകിയത്.

വനം, പ്രകൃതി വിഭവങ്ങൾ എന്നിവയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഗുജറാത്തിലെ ഫൗണ്ടേഷൻ ഓഫ് ഇക്കോളജിക്കൽ സെക്യൂരിറ്റിക്കാണ് പരിസ്ഥിതി പുരസ്‌കാരം ലഭിച്ചത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലയ്ക്കുള്ള പുരസ്‌കാരം യഥാക്രമം പശ്ചിമ ബംഗാളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനുവേണ്ടി നിലകൊള്ളുന്ന ചൈൽഡ് ഇൻ നീഡ് ഇൻസ്റ്റിറ്റ്യൂട്ട്, മഹാരാഷ്ട്രയിലെ മെൽജോൾ എന്നിവയ്ക്ക് ലഭിച്ചു. കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി ജീവിതത്തിലെ വെല്ലുവിളികൾ നേരിടുന്നതിന് അവർക്ക് ശക്തിപകരുകയാണ് മെൽജോൾ ചെയ്തു വരുന്നത്.

മൂവായിരത്തിലേറെ അപേക്ഷകളിൽ നിന്ന് ഒൻപത് സന്നദ്ധ സംഘടനകളെ പ്രഥമികമായി തെരഞ്ഞെടുത്ത ശേഷം ഇവയിൽ നിന്നാണ് വിജയികളെ കണ്ടെത്തിയതെന്ന് എച്ച്‌സിഎൽ ഗ്രാൻഡ് അവാർഡ് നിർണയ സമിതി അദ്ധ്യക്ഷ റോബിൻ അബ്രാംസ് പറഞ്ഞു. പാം കപ്യൂട്ടിംഗിന്റെ മുൻ അദ്ധ്യക്ഷയായ റോബിൻ അബ്രാംസിനു പുറമെ ഇന്ത്യൻ കൗൺസിൽ ഫോർ റിസർച് ആൻഡ് ഇന്റർനാഷണൽ ഇക്‌ണോമിക് റിലേഷൻസ് പ്രസിഡന്റ് ഡോ. ഐഷർ ജഡ്ജ് അഹുൽവാലിയ, പ്രശസ്ത നിയമ വിദഗ്ധ പല്ലവി ഷറോഫ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്‌ളിക് അഡ്മിനിസ്‌ട്രേഷൻ മുൻ ഡയറക്ടർ ബി.എസ്. ബാസ്‌വാൻ, ചിക്കാഗോ ഫീൽഡ് മ്യൂസിയം പ്രസിഡന്റ് റിച്ചാർഡ് ലാറിവയറ, ഐബിഎം കോർപറേഷൻ വൈസ് പ്രസിഡന്റ് ഡോ. ജോൺ ഇ. കെല്ലി, എച്ച്‌സിഎൽ സ്ഥാപക ചെയർമൻ ശിവ് നാടാർ എന്നിവരാണ് അവാർഡ് നിർണയ സമിതിയിലുണ്ടായിരുന്നത്.

പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ മാൽകം ഗ്ലാഡ്‌വെൽ ചടങ്ങിൽ പ്രസംഗിച്ചു.