കൊച്ചിൻ ഷിപ്പ്‌യാർഡ് കപ്പിത്താനില്ലാ കപ്പൽ നിർമിക്കാനൊരുങ്ങുന്നു

Posted on: July 15, 2020

കൊച്ചി : കൊച്ചിൻ ഷിപ്പ്‌യാർഡ് ഡ്രൈവറില്ലാ കാറുകളെ പോലെ സ്വയം നിയന്ത്രിത ഇലക്ട്രിക് കപ്പലുകളുടെ നിർമാണത്തിന് തയാറെടുക്കുന്നു. നോർവെ കമ്പനിയായ അസ്‌കോ മരിടൈം എഎസിനു വേണ്ടി രണ്ടു ഓട്ടോണമസ് ഇലക്ട്രിക് ഫെറികൾ നിർമിച്ചു കയറ്റുമതി ചെയ്യാനാണ് കരാർ. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ കപ്പൽ നിർമാണശാലയുമായ കൊച്ചിൻ ഷിപ്പ്‌യാർഡും നോർവെയിലെ റീട്ടെയ്ൽ ഭീമനായ നോർജെസ് ഗ്രുപ്പൻ എഎസ്എയുടെ ഉപകമ്പനിയായ അസ്‌കോ മാരിടൈമും ഇതു സംബന്ധിച്ച കരാറിൽ ഒപ്പിട്ടു.

രണ്ടു സമാന ഫെറികൾ കൂടി നിർമിക്കാനും ഇരു കമ്പനികളും ധാരണയായിട്ടുണ്ട്. ഓസ്ലോ കടലിടുക്കിലൂടെ മലിനീകരണ രഹിത ചരക്കു നീക്കം ലക്ഷ്യമിട്ടുള്ള സുപ്രധാന നോർവെ പദ്ധതിയാണ് കപ്പിത്താനില്ലാ കപ്പലായ ഓട്ടോണമസ് ഇലക്ട്രിക് ഫെറിയുടെ നിർമാണം. ഈ പദ്ധതിക്ക് നോർവെ സർക്കാരിന്റെ ഭാഗികമായ സാമ്പത്തിക പിന്തുണയും ഉണ്ട്.

67 മീറ്റർ നീളമുള്ള ഈ ചെറു കപ്പലുകൾ പൂർണ സജ്ജമായ ഇലക്ട്രിക് ഗതാഗത ഫെറി ആയിട്ടായിരിക്കും നോർവേക്ക് കൈമാറുക. 1846 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയിലായിരിക്കും കപ്പൽ പ്രവർത്തിക്കുക. കപ്പിത്താനില്ലാ കപ്പലുകൾ പ്രവർത്തിപ്പിക്കുന്ന ആദ്യ കമ്പനിയായ മാസറ്റേർലി എഎസ് ആയിരിക്കും ഫെറിയുടെ നടത്തിപ്പ്.

ചരക്കു നീക്കത്തിനുപയോഗിക്കുന്ന 16 ഭീമൻ ട്രെയ്ലറുകൾ വഹിക്കാനുള്ള ശേഷി ഈ ഫെറികൾക്കുണ്ടാകും. കൊച്ചിൻ ഷിപ്പ്‌യാർഡ് പൂർണമായും എൻജിനീയറിംഗ് നിർവഹിക്കുന്ന ഈ കപ്പലിന്റെ രൂപകൽപ്പന നേവൽ ഡൈനമിക്സ് നോർവെ ആണ് നിർവഹിച്ചിരിക്കുന്നത്. കപ്പിത്താനില്ലാ കപ്പലിന്റെ പരീക്ഷണ ഓട്ടവും കമ്മീഷനിങും കൊച്ചിയിൽ നിർമാണം പൂർത്തിയാക്കി നോർവെയിലെത്തിച്ച ശേഷമായിരിക്കും.