സൈറസ് മിസ്ത്രിയെ തിരിച്ചെടുക്കലിനെതിരെ ടാറ്റ സുപ്രീം കോടതിയില്‍

Posted on: January 3, 2020

ന്യൂഡല്‍ഹി : ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയ സൈറസ് മിസ്ത്രിയെ വീണ്ടും ചെയര്‍മാനാക്കണമെന്ന് ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ടാറ്റ സണ്‍സ് സുപ്രീംകോടതിയില്‍. എന്‍. ചന്ദ്രശേഖരനെ ചെയര്‍മാനായി നിയമിച്ചതു നിയമവിരുദ്ധമാണെന്നും ട്രൈബ്യൂണല്‍ പറഞ്ഞിരുന്നു.

ടാറ്റ സണ്‍സിന്റെ ഭരണവ്യവസ്ഥയാകെ ഒറ്റയടിക്കു തകിടം മറിക്കുന്ന ഉത്തരവാണ് ട്രൈബ്യൂണല്‍ പുറപ്പെടുവിച്ചതെന്നും സൈറസിനെ തിരിച്ചെടുക്കണമെന്ന നിലപാട് ഗ്രൂപ്പിലെ ലിസ്റ്റഡ് കമ്പനികളിലടക്കം വലിയ ആശയക്കുഴപ്പമാണുണ്ടാക്കുന്നതെന്നും ടാറ്റ ഹര്‍ജിയില്‍ പറയുന്നു.

ഇതിനിടെ ഉത്തരവില്‍ ഭേദഗതികള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് റജിസ്ട്രാര്‍ ഓഫ് കമ്പനീസ് നല്‍കിയ പരാതിയിലെ ഹിയറിംഗ് കമ്പനി നിയമ ട്രൈബ്യൂണല്‍ വെള്ളിയാഴ്ചത്തേക്കു മാറ്റി. റജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ സഹായത്തോടെയും നിയമവിരുദ്ധമായും ടാറ്റ സണ്‍സ് പബ്ലിക് ലിമിറ്റഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറി എന്ന പരാമര്‍ശങ്ങള്‍ക്കെതിരെയാണ് റജിസ്ട്രാര്‍ ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുന്നത്.

TAGS: Tata Sons |