ഉയര്‍ന്ന മാനേജ്മെന്റ് തലത്തിലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് മഹീന്ദ്ര

Posted on: December 21, 2019

 

കൊച്ചി : മഹീന്ദ്ര ആൻഡ് മഹീന്ദ്ര  അടുത്ത 15 മാസത്തിനുള്ളില്‍  ഉയര്‍ന്ന മാനേജമെന്റില്‍ വന്‍ മാറ്റങ്ങള്‍ വരുത്തും.  ഇപ്പോഴത്തെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര 2020 ഏപ്രിലിൽ
സ്ഥാനമൊഴിയുകയും നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനാകുകയും ചെയ്യും. 

ഗവേണന്‍സ്, നോമിനേഷന്‍ ആന്‍ഡ് റെമ്യൂണറേഷന്‍ കമ്മിറ്റി (ജിഎന്‍ആര്‍സി) കഴിഞ്ഞ ഒന്നര വര്‍ഷമായി മഹീന്ദ്രയുടെ ഉന്നത മാനേജ്മെന്റ് പിന്തുടര്‍ച്ചയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും മാറ്റങ്ങള്‍ക്കു രൂപം നല്‍കുകയുമായിരുന്നു. കമ്പനിയുടെ ഉയര്‍ന്ന കോര്‍പറേറ്റ് ഗവേണന്‍സ് മൂല്യങ്ങള്‍ക്കനുസരിച്ചാണ് ഈ നടപടി.

ഡോ. പവന്‍ ഗോയങ്കയെ 2020 ഏപ്രില്‍ ഒന്നു മുതല്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി പുനര്‍നാമകരണം ചെയ്യും. 2021 ഏപ്രില്‍ ഒന്നിന് ഗോയങ്ക റിട്ടയര്‍ ചെയ്യും. ഗോയങ്കയുടെ സ്ഥാനം പുനര്‍നാമകരണം ചെയ്തുവെങ്കിലും റിപ്പോര്‍ട്ടിംഗ് ബന്ധങ്ങളില്‍ മാറ്റമുണ്ടാവില്ല. റിട്ടയര്‍മെന്റ് വരെ സാങ്യോങ് മോട്ടോഴ്സിന്റെ ചെയര്‍മാന്റെ ഉത്തരവാദിത്വം ഗോയങ്കയ്ക്കുതന്നെയായിരിക്കും.

2021 ഏപ്രില്‍ രണ്ടു മുതല്‍ ഡോ. അനീഷ് ഷാ ചെയര്‍മാനും സിഇഒയുമായി ചാര്‍ജെടുക്കും. ഗ്രൂപ്പ് ബിസിനസിന്റെ ഉത്തരവാദിത്വം ഷായ്ക്ക് ആയിരിക്കും. 2020 ഏപ്രില്‍ ഒന്നു മുതല്‍ ഷാ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ബോര്‍ഡില്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഎഫ്ഒയുമായി ചേരും. ഓട്ടോ, ഫാം മേഖല ഒഴികെയുള്ള കോര്‍പറേറ്റ് ഓഫീസീന്റെ ചുമതല അദ്ദേഹത്തിനായിരിക്കും. 2021 ഏപ്രില്‍ മുതല്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി ഷായെ നിയമിക്കും.

മഹീന്ദ്രയുടെ ആഴത്തിലുള്ള മാനേജ്മെന്റ് പ്രതിഭയാണ് ഈ പ്ലാനില്‍ പ്രതിഫലിക്കുന്നത്. കമ്പനിയുടെ സംസ്‌കാരം, മൂല്യം, ഗവേണന്‍സ്, പ്രവര്‍ത്തന മികവ് തുടങ്ങിയവയില്‍ തുടര്‍ച്ചയാണ് ഇത് ഉറപ്പാക്കുന്നത്. മഹീന്ദ്രയുടെ മൂല്യവും ഓഹരിയുടമകളുടെ അവകാശങ്ങളും സംരക്ഷിക്കുകയെന്നുള്ളതാണ് എന്റെ പുതിയ റോള്‍,” മാറ്റങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര പറഞ്ഞു.

നൂറു രാജ്യങ്ങളിലായി മഹീന്ദ്ര ഗ്രൂപ്പില്‍ 2,40,000 പേര്‍ ജോലി ചെയ്യുന്നുണ്ട്.