കേരള സ്റ്റാര്‍ട്ട്അപ്പില്‍ ആനന്ദ് മഹീന്ദ്രയുടെ നിക്ഷേപം

Posted on: October 7, 2020

കൊച്ചി : തിരുവനന്തപുരം ആസ്ഥാനമായ ‘ജെന്‍ റോബോട്ടിക്‌സ്’ എന്ന സ്റ്റാര്‍ട്ട്അപ്പില്‍ പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്രയുടെ മൂലധന നിക്ഷേപം. വ്യക്തിഗത നിലയിലാണ് അദ്ദേഹം ഈ കേരള സ്റ്റാര്‍ട്ട്അപ്പില്‍ നിക്ഷേപിക്കുന്നത്.

മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ ലോകത്തില്‍തന്നെ ആദ്യമായി റോബോട്ടിനെ വികസിപ്പിച്ച് ശ്രദ്ധേയരായ സ്റ്റാര്‍ട്ട്അപ്പാണ് ജെന്‍ റോബോട്ടിക്‌സ്. മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടയില്‍ കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആളുകള്‍ മരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ റോബോട്ടുകളെ ഉപയോഗിച്ച് സുരക്ഷിതമായി മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ അവസരമൊരുക്കുകയാണ് ഈ സ്റ്റാര്‍ട്ട്അപ്പ്.

ഇത് ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധയില്‍ പെടുകയും അദ്ദേഹം ഇക്കാര്യം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത്തരം സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന തോന്നലാണ് അദ്ദേഹത്തെ നിക്ഷേപത്തിന് പ്രേരിപ്പിച്ചത്.

ആനന്ദ് മഹീന്ദ്രയ്ക്കു പുറമെ, യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്സ്, സീ ഫണ്ട് എന്നിവയും ഇത്തവണത്തെ നിക്ഷേപ റൗണ്ടില്‍ പങ്കെടുത്തിട്ടുണ്ട്. മൊത്തം രണ്ടര കോടി രൂപയുടെ ഫണ്ടിങ്ങാണ് ഇവരില്‍നിന്ന് ജെന്‍ റോബോട്ടിക്‌സിന് ലഭിക്കുന്നത്. നേരത്തെ യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്സും ഏതാനും ഏഞ്ചല്‍ നിക്ഷേപകരും േചര്‍ന്ന് ഏതാണ്ട് ഒരു കോടി രൂപ നിക്ഷേപിച്ചിരുന്നു.

കുറ്റിപ്പുറം എം.ഇ.എസ്. കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ സഹപാഠികളായിരുന്ന എം.കെ. വിമല്‍ ഗോവിന്ദ്, കെ. റാഷിദ്, എന്‍.പി. നിഖില്‍, അരുണ്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ബി.ടെക്. പഠനകാലത്തുതന്നെ തുടങ്ങിയ സംരംഭത്തിന് 2017-ലാണ് ഔദ്യോഗിക രൂപമായത്. സുഹൃത്തുക്കളായ പി. ജലീഷ്, എം. അഫ്സല്‍, സുജോദ് എന്നിവരും ഇപ്പോള്‍ ജെന്‍ റോബോട്ടിക്‌സിനു പിന്നിലുണ്ട്.

മാന്‍ഹോള്‍ വൃത്തിയാക്കുന്ന റോബോട്ട് ഇന്ന് 11 സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ജെന്‍ റോബോട്ടിക്‌സ് കോ-ഫൗണ്ടറും സി.ഇ.ഒ.യുമായ വിമല്‍ ഗോവിന്ദ് പറഞ്ഞു. ഇതിനു പുറമെ, ആരോഗ്യ പരിപാലന മേഖലയ്ക്കായി മെഡിക്കല്‍ റീഹാബിലിറ്റേഷന്‍ റോബോട്ടുകള്‍, ആളുകള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത എണ്ണപ്പാടങ്ങളിലേക്ക് ആവശ്യമായ റോബോട്ടുകള്‍ എന്നിവയും കമ്പനി വികസിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് തങ്ങളുടെ റോബോട്ടുകളെ ലഭ്യമാക്കാന്‍ പുതിയ ഫണ്ട് ഉപയോഗിക്കുമെന്ന് വിമല്‍ വ്യക്തമാക്കി.