സഹാറയുടെ നിക്ഷേപകര്‍ക്ക് 106 കോടി രൂപ മടക്കി നല്‍കിയെന്ന് സെബി

Posted on: September 4, 2019

മുംബൈ : സഹാറ ഗ്രൂപ്പിലെ നിക്ഷേപകരുടെ 106.10 കോടി രൂപ മടക്കി നല്‍കിയിട്ടുണ്ടെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). കടപ്പത്രത്തിലൂടെ സഹാറ ഗ്രൂപ്പ് മൂന്നുകോടിയോളം വരുന്ന നിക്ഷേപകരില്‍ നിന്ന് അനധികൃതമായി 24,000 കോടി രൂപ സമാഹാരിച്ചെന്നായിരുന്നു കേസ്. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാണ് നിക്ഷേപം തിരിച്ചുപിടിച്ച് നിക്ഷേപകര്‍ക്ക് മടക്കിനല്‍കുന്നത്.

19.547 പേരാണ് ഇതുവരെ നിക്ഷേപം നടത്തിയതായി അവകാശവാദമുന്നയിച്ച് സെബിക്കുമുമ്പില്‍ എത്തിയത്.

ഇതില്‍ 13.543 പേര്‍ക്ക് നിക്ഷേപം മടക്കി നല്‍കി. 56.86 കോടി രൂപ മുതലും 49.24 കോടി രൂപ പലിശയുമാണ് നല്‍കിയിട്ടുള്ളത്. ബാക്കിയുള്ളവ വിവിധ കാരണങ്ങളാല്‍ തടസ്സപ്പെട്ടുകിടക്കുകയാണ്.

അതേ സമയം കമ്പനിയുടെ 95 ശതമാനം നിക്ഷേപകര്‍ക്കും നേരിട്ട് നിക്ഷേപത്തുക മടക്കി നല്‍കിയതായുള്ള കമ്പനിയുടെ മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി സഹാറ ഗ്രൂപ്പ് അഭിഭാഷകന്‍ വ്യക്തമാക്കി. കൂടുതല്‍ പേര്‍ നിക്ഷേപത്തുക തിരിച്ചുകിട്ടാന്‍ എത്തിയിട്ടാല്ലാത്ത സാഹചര്യത്തില്‍ സെബിയില്‍ കെട്ടിവെച്ച തുക കമ്പനിക്കു തിരിച്ചു നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത് ഗ്രൂപ്പിന്റെ വ്യവസായം വിപുലപ്പെടുത്താന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. 15,438 കോടി രൂപയാണഅ സെബി ഇതുവരെ സഹാറ ഗ്രൂപ്പില്‍ നിന്ന് പിടിച്ചെടുത്തത്.

2019 മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം പലിശയടക്കം 20,173 കോടി രൂപ പ്രത്യേക അക്കൗണ്ടിലുണ്ടെന്നും സെബിയുടെ കണക്കുകളില്‍ പറയുന്നു.

സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷന്‍, സഹാറ ഹൗസിംഗ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നിവയോട് അനധികൃതമായി സ്വീകരിച്ച നിക്ഷേപം മടക്കിനല്‍കാന്‍ 2011-ലാണ് സെബി ഉത്തരവിട്ടത്. 2012 ഓഗസ്റ്റില്‍ സുപ്രീം കോടതി ഇതു ശരിവെച്ചു.

TAGS: Sebi |