കാഴ്ചപരിമിതര്‍ക്ക് വൈറ്റ് കെയിന്‍ വിതരണം ചെയ്തു

Posted on: October 29, 2020

തിരുവനന്തപുരം : കാഴ്ച ശക്തിയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 150 ഓളം വൈറ്റ് കെയിനുകള്‍ വിതരണം ചെയ്ത് ആംവേ. കേരളത്തിലെ നാഷണല്‍ അസോസിയേഷന്‍ ഓഫ് ബ്ലൈന്‍ഡുമായി(എന്‍എബി) സഹകരിച്ചാണ് കാഴ്ചയില്ലാത്തവര്‍ക്ക് 150 സ്മാര്‍ട്ട് വൈറ്റ് കെയിനുകള്‍ ആംവേ വിതരണം ചെയ്തത്. സുരക്ഷിതവും സ്വതന്ത്രവുമായ ചലനാത്മകതയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണിത്. കൊവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ എന്‍എബിയില്‍ നിന്നുള്ള സംഘം കാഴ്ചയില്ലാത്തവരുടെ വസതി സന്ദര്‍ശിക്കുകയും വ്യക്തിപരമായി വൈറ്റ് കെയിന്‍ കൈമാറുകയും അതിന്റെ ഉപയോഗത്തെക്കുറിച്ച് പരിശീലനം നല്‍കുകയും ചെയ്തു.

രണ്ട് പതിറ്റാണ്ടിലേറെയായി ആംവേ കാഴ്ചയില്ലാത്തവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയാണെന്ന് ആംവേ ഇന്ത്യ നോര്‍ത്ത് ആന്‍ഡ് സൗത്ത് സീനിയര്‍ വൈസ് പ്രസിഡന്റ് ശ്രീ ജി.എസ്. ചീമ പറഞ്ഞു. കാഴ്ചയില്ലാത്തവര്‍ക്ക് സ്വാതന്ത്ര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമാണ് വൈറ്റ് കെയിന്‍. ആംവേയുമായി സഹകരിച്ചതില്‍ അഭിമാനമുണ്ടെന്നും നിരന്തരമായ പിന്തുണ നല്‍കിയതിന് അവരോട് നന്ദി പറയുന്നതായും കേരളത്തിലെ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്റ് പ്രസിഡന്റ് പ്രൊഫ. ജോണ്‍ കുര്യന്‍ പറഞ്ഞു.

കാഴ്ച വൈകല്യമുള്ളവരുടെ സഹായത്തിനായി വിവിധ സംരംഭങ്ങള്‍ ആംവേ ഏറ്റെടുത്തിട്ടുണ്ട്. 12 സംസ്ഥാനങ്ങളിലായി 85,000ത്തിലധികം കാഴ്ചയില്ലാത്ത കുട്ടികള്‍ക്ക് ബ്രെയ്‌ലി പാഠപുസ്തക സഹായം ആംവേ നല്‍കി. 2008 മുതല്‍ കാഴ്ചയില്ലാത്തവര്‍ക്ക് ആംവേ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കി വരുന്നു. കൂടാതെ രാജ്യത്തുടനീളം 15 കമ്പ്യൂട്ടര്‍ സെന്ററുകള്‍ ആരംഭിക്കുകയും ചെയ്തു. ഈ സെന്ററുകളിലൂടെ പ്രതിവര്‍ഷം 1000 കാഴ്ചയില്ലാത്തവര്‍ക്ക് പ്രയോജനം ലഭിക്കുന്നു. ഇന്ത്യയിലുടനീളം 33 ഓഡിയോ, ബ്രെയ്‌ലി ലൈബ്രറികളും ആംവേ സജ്ജമാക്കിയിട്ടുണ്ട്.

 

TAGS: Amway |