ഇനി ഫിറ്റാകും എല്ലാവരും ; സ്പോര്‍ട്സ് കേരളയുടെ 9 ലോകോത്തര ഫിറ്റ്നസ് സെന്ററുകള്‍ സൂപ്പര്‍ ഹിറ്റ്

Posted on: March 28, 2024

തിരുവനന്തപുരം : പൊതുജനങ്ങളില്‍ ആരോഗ്യ പരിപാലനവും കായികക്ഷമതയും വ്യായാമവും ഒരു ശീലമാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന കായിക വകുപ്പിനു കീഴിലുള്ള സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ സംസ്ഥാനത്തുടനീളം തുടക്കമിട്ട ഫിറ്റ്നസ് സെന്ററുകള്‍ക്ക് മികച്ച പ്രതികരണം. അത്യാധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമായി ഒമ്പത് ഫിറ്റ്നസ് സെന്ററുകളാണ് വിവിധ ജില്ലകളില്‍ ഇതിനകം പ്രവര്‍ത്തനം തുടങ്ങിയത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും മിതമായ നിരക്കില്‍ മികച്ച സൗകര്യങ്ങളോടെ ഉപയോഗിക്കാമെന്നത് കൂടുതല്‍ പേരെ ഈ ഫിറ്റ്നസ് സെന്ററുകളിലേക്ക് ആകര്‍ഷിക്കുന്നത്.

ഒമ്പതിടങ്ങളിലും പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടേയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളുടേയും സംയുക്ത സഹകരണത്തോടെയാണ് ഈ ഫിറ്റ്നസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. പൂര്‍ണമായും ശീതീകരിച്ച സെന്ററുകളില്‍ വിദഗ്ധ പരിശീലകരുടെ സഹായവും ലഭിക്കും.

തിരുവനന്തപുരത്ത് ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയം, വട്ടിയൂര്‍ക്കാവ്, പത്തനംതിട്ടയിലെ കലഞ്ഞൂര്‍, കോട്ടയം ജില്ലയിലെ പൈക, പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, മലപ്പുറത്തെ കോട്ടപ്പടി, കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍, എന്നിവിടങ്ങളിലാണ് ഇപ്പോള്‍ സ്‌പോര്‍ട്‌സ് കേരള ഫിറ്റ്‌നസ് സെന്ററുകള്‍ പ്രവര്‍ത്തിച്ചുവരുന്നത്. രണ്ടര കോടി രൂപയോളം ചെലവിട്ടാണ് ഇവ നിര്‍മ്മിച്ചത്. ആലപ്പുഴ ജില്ലയിലെ മാവേലിക്കര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്നിവിടങ്ങളിലെ സെന്ററുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. വൈകാതെ പൊതുജനങ്ങള്‍ക്കായി തുറക്കും.

പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ഫിറ്റ്നസ് സെന്ററുകള്‍ മികച്ച സംവിധാനങ്ങളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കായി പ്രത്യേക സമയവും സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം.