ഹോണ്ട ഇന്ത്യ കൊച്ചിയില്‍ സോണല്‍ ഓഫീസ് തുറന്നു

Posted on: September 28, 2022

കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ഏറ്റവും പുതിയ സോണല്‍ ഓഫീസ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു. എച്ച്എംഎസ്‌ഐയുടെ കേരളത്തിലെ ആദ്യത്തെ സോണല്‍ ഓഫീസാണിത്. ഇന്ത്യയിലെ 24-ാമത്തെ സോണല്‍ ഓഫീസും. പുതിയ സോണല്‍ ഓഫീസ് വഴി കൊച്ചിയിലെ ഉപഭോക്താക്കളുമായി കൂടുതല്‍ അടുക്കുകയാണ് എച്ച്എംഎസ്‌ഐയുടെ ലക്ഷ്യം.

പാലാരിവട്ടം ബൈപ്പാസിലെ (എന്‍.എച്ച് 66) വെണ്ണലയില്‍ ക്യൂ വണ്‍ മാളില്‍ സ്ഥിതി ചെയ്യുന്ന ഓഫീസ്, എച്ച്എംഎസ്‌ഐയുടെ രൂപാന്തര്‍ പദ്ധതിയുടെ ഭാഗമായുള്ള ആദ്യത്തെ സോണല്‍ ഓഫീസാണ്. ഇവിടെ ഉപഭോക്താക്കള്‍ക്ക് മികച്ച വില്‍പന-വില്‍പനാന്തര സേവനങ്ങളും അനുഭവങ്ങളും നല്‍കുന്നതിന്, ഹോണ്ട എല്ലാ നെറ്റ്വര്‍ക്ക് ജീവനക്കാര്‍ക്കും പ്രാദേശിക ഭാഷയില്‍ സാങ്കേതിക, പുതിയ ഉത്പ്പന്ന പരിശീലനം നല്‍കും.

ഞങ്ങളെ കേരളത്തിലെ ഏറ്റവും വിശ്വസനീയമായ ബ്രാന്‍ഡാക്കി മാറ്റിയ ഉപഭോക്താക്കള്‍ക്ക് നന്ദി അറിയിക്കുന്നതായി എച്ച്എംഎസ്‌ഐയുടെ കൊച്ചിയിലെ പുതിയ സോണല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അറ്റ്‌സുഷി ഒഗാറ്റ പറഞ്ഞു.

എച്ച്എംഎസ്‌ഐയുടെ ഏറ്റവും വലിയ മുന്‍ഗണനാ വിപണികളിലൊന്നാണ് കേരളം. കൊച്ചിയിലെ ഈ പുതിയ സോണല്‍ ഓഫീസിലൂടെ, ദക്ഷിണമേഖലയിലെ വിപണി ബന്ധം കൂടുതല്‍ ശക്തമാക്കാനും ഉപഭോക്താക്കളെ കൂടുതല്‍ കാര്യക്ഷമമായി സേവിക്കാനുമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.