ആഭ്യന്തര വളർച്ചയിൽ തിളക്കം നിലനിർത്തി ഹോണ്ട മോട്ടോർസൈക്കിൾ

Posted on: March 8, 2017

കൊച്ചി : ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ ആഭ്യന്തര വിൽപന ഫെബ്രുവരിയിൽ അഞ്ചു ശതമാനം വളർച്ചയോടെ 3,69,865 യൂണിറ്റിലെത്തി. മുൻവർഷമിതേ കാലയളവിലിത് 3,51,401 യൂണിറ്റായിരുന്നു. കയറ്റുമതി കൂടി കണക്കിലെടുക്കുമ്പോൾ ഫെബ്രുവരിയിലെ വളർച്ച 13 ശതമാനമാണ്. വ്യവസായത്തിലെ വളർച്ചയായ 5 ശതമാനത്തിന്റെ രണ്ടര ഇരട്ടിയോളമാണിത്. ഇതോടെ ഹോണ്ടയുടെ വിപണി വിഹിതം 1.4 ശതമാനം വളർച്ചയോടെ 27.2 ശതമാനമായി ഉയർന്നുവെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് യാദവീന്ദർ സിംഗ് ഗുലേരിയ പറഞ്ഞു.

കയറ്റുമതിമേഖലയിൽ എട്ടു ശതമാനം ഇടിവുണ്ടായെങ്കിലും കമ്പനിയുടെ കയറ്റുമതി മുൻവർഷം ഏപ്രിൽ- ഫെബ്രുവരിയിലെ 1.84 ലക്ഷം യൂണിറ്റിൽനിന്നു 39 ശതമാനം വർധനയോടെ 2.56 ലക്ഷം യൂണിറ്റിലെത്തിയിരിക്കുകയാണ്. കമ്പനി ജനുവരിയിൽ ഏഴു ബെസ്റ്റ് ഡീൽ ഔട്ട്‌ലെറ്റുകൾ തുറന്നു. കപൂർത്തല, മൊഹാലി, അംബാല, അഗർത്തല, ഗരൗണ്ട, ഭണ്ഡാര, കാൺപൂർ എന്നിവിടങ്ങളിലാണ് ഔട്ടലെറ്റുകൾ തുറന്നത്. ഇതോടെ ബെസ്റ്റ് ഡീൽ ഔട്ട്‌ലെറ്റുകളുടെ എണ്ണം 137 ആയി.

അമ്പതു ലക്ഷം സി ബി ഷൈൻ മോട്ടോർസൈക്കിളുകൾ പുറത്തിറക്കിയതിന്റെ ആഘോഷത്തിന്റെ ഭാഗമായി കമ്പനി പുതിയ ബിഎസ് നാല് മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ടുള്ള പുതിയ സി ബി ഷൈൻ, സി ബി ഷൈൻ എസ് പി, ആക്ടീവ 4 ജി, ആക്ടീവ 125 എന്നിവ പുറത്തിറക്കിയിരുന്നു. ഈ മാർച്ച് ഒന്നു മുതൽ ഹോണ്ടയുടെ നാല് പ്ലാന്റുകളിലും ബി എസ് നാല് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള മോഡലുകളാണ് പുറത്തിറക്കുന്നതെന്നും ഗലേരിയ അറിയിച്ചു.