സ്‌കൂട്ടർ വില്പനയിൽ ഹോണ്ട തമിഴ്‌നാട്ടിലും ഒന്നാമത്

Posted on: June 6, 2017

 

കൊച്ചി : കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ ഏറ്റവും പ്രിയപ്പെട്ട ബ്രാൻഡായി മാറിയ ഹോണ്ട ഇപ്പോൾ തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ബ്രാൻഡായി മാറി. ഇന്ത്യയിൽ ഓട്ടോമാറ്റിക് സ്‌കൂട്ടർ വില്പനയിൽ രണ്ടാം സ്ഥനമുണ്ട് തമിഴ്‌നാടിന്. തമിഴ്‌നാട്ടിൽ ടൂവീലർ വിൽപ്പനയിൽ ഒന്നാം സ്ഥാനം നേടിയ ഹോണ്ടയുടെ വിൽപ്പന വളർച്ച 34 ശതമാനമായിരുന്നു. തമിഴ്‌നാട്ടിൽ ഈ വ്യവസായത്തിന്റെ വളർച്ച രണ്ടു ശതമാനം മാത്രമായിരുന്നു. തമിഴ്‌നാട്ടിൽ ടൂവീലർ വാങ്ങുന്ന ഓരോ മൂന്ന് ഉപഭോക്താക്കളിൽ ഒരാൾ ഹോണ്ട വാങ്ങുന്നു. ഹോണ്ടയുടെ വിപണി വിഹിതം 35 ശതമാനമാണ്.

ഈ വർഷം 60 ലക്ഷം യൂണിറ്റുകളുടെ വില്പനയാണ് ലക്ഷ്യമിടുന്നതെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ മിനോരു കാറ്റോ പറഞ്ഞു. തമിഴ്‌നാട് പോലുള്ള പ്രധാന സംസ്ഥാനങ്ങളിലെ വിപണന തന്ത്രങ്ങൾ ഹോണ്ടയുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുമെന്നും അദേഹം കൂട്ടിചേർത്തു.

ഹോണ്ടയുടെ വിപണനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ കോമ്പത്തൂരിൽ പുതിയ സോണൽ ഓഫീസ് തുറന്നു. ചെന്നൈയ്ക്കു ശേഷം തമിഴ്‌നാട്ടിൽ ആരംഭിക്കുന്ന രണ്ടാമത്തെ സോണൽ ഓഫീസാണ് കോയമ്പത്തൂരിലേത്. ദക്ഷിണ മേഖലയിൽ ഹോണ്ടയ്ക്കു രണ്ട് സോണൽ ഓഫീസുള്ള ഏക സംസ്ഥാനമാണ് തമിഴ്‌നാട്. അത്യാധുനിക ഹോണ്ട സർവീസ് ട്രെയിനിംഗ് സെന്ററുമുണ്ട്. യുവജനങ്ങൾക്ക് റോഡ് സുരക്ഷയെ കുറിച്ച് ബോധവൽക്കരണം നൽകുന്നതിനായി പ്രത്യേക സമ്മർ ക്യാമ്പും ഹോണ്ട ആരംഭിച്ചിട്ടുണ്ട്.