ദോഹ ബാങ്ക് മുംബൈയിൽ ശാഖ തുറന്നു

Posted on: April 30, 2015

Doha-Bank-India-Opening-Big

ദോഹ : ഖത്തറിലെ പ്രമുഖ ബാങ്കായ ദോഹ ബാങ്ക് മുംബൈയിൽ ശാഖ തുറന്നു കൊണ്ട് ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചു. കൊച്ചിയിൽ ദോഹ ബാങ്ക് ശാഖ ഉടൻ തുറക്കും. ഇന്ത്യയിൽ സമഗ്ര പ്രവർത്തനം തുടങ്ങുന്ന ആദ്യത്തെ ഖത്തർ ബാങ്ക് ആണ് ദോഹ ബാങ്ക്. ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം മെച്ചപ്പെടുത്തുന്നതിൽ ക്രിയാത്മ പങ്കുവഹിക്കാൻ ദോഹ ബാങ്കിന് കഴിയുമെന്ന് ദോഹ ബാങ്ക് ചെയർമാൻ ഷെയ്ഖ് ഫഹദ് ബിൻ മുഹമ്മദ് ബിൻ ജാബർ അൽതാനി പറഞ്ഞു.

വരുംവർഷങ്ങൡ ദോഹ ബാങ്കിന്റെ പ്രവർത്തനം കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ദോഹ ബാങ്ക് സിഇഒ ഡോ. ആർ. സീതാരാമൻ പറഞ്ഞു. ദോഹ ബാങ്കിന്റെ എല്ലാ വിദേശശാഖകളിലും പ്രത്യേക ഇന്ത്യാ ഡെസ്‌ക്ക് സ്ഥാപിക്കും. നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയുള്ള സേവനങ്ങൾ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജിസിസി രാജ്യങ്ങളിലെ ബന്ധിപ്പിച്ചുള്ള എൻആർഐ ഫോർ ഇൻ വൺ അക്കൗണ്ട് പാക്കേജുകൾ, ക്രെഡിറ്റ് പാസ്‌പോർട്ടബിലിറ്റി, എച്ച്എൻഐ പ്രിവിലേജ് സ്റ്റാറ്റസ്, പ്രോജക്ട് ഫിനാൻസ്, അഡൈ്വസറി സർവീസുകൾ, പ്രവാസി ഇന്ത്യാക്കാർക്കുള്ള പ്രത്യേക നിക്ഷേപ പദ്ധതികൾ എന്നിവ ദോഹ ബാങ്കിന്റെ ഇന്ത്യൻ പ്രവർത്തനങ്ങളുടെ ഭാഗമായിരിക്കും.

ഖത്തർ സാമ്പത്തിക മന്ത്രി അലി ഷരീഫ് അൽ ഇമാദി, ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ ഷെയ്ഖ് അബ്ദുല്ല ബിൻ സൗദ് അൽതാനി, ഇന്ത്യൻ റെയിൽവേ മന്ത്രി സുരേഷ് പ്രഭു, ഖത്തറിലെ ഇന്ത്യൻ അംബാസഡർ സഞ്ജീവ് അറോറ, ഇന്ത്യയിലെ ഖത്തർ അംബാസഡർ അഹമ്മദ് ഇബ്രാഹിം അൽ അബ്ദുള്ള, ദോഹ ബാങ്ക് മാനേജിംഗ് ഡയറക്ടർ ഷെയ്ഖ് അബ്ദുൾറഹ്മമാൻ ബിൻ മുഹമ്മദ് ബിൻ ജാബർ അൽതാനി തുടങ്ങിയവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു.