ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥ സുസ്ഥിരമെന്ന് ഡോ. സീതാരാമൻ

Posted on: December 7, 2015

Doha-Bank-Delhi-Business-me

ന്യൂഡൽഹി : ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥ സുസ്ഥിരമെന്ന് ദോഹ ബാങ്ക് സിഇഒ ഡോ. ആർ. സീതാരാമൻ. എണ്ണഇതര വൈവിധ്യവത്കരണമാണ് ഖത്തറിനെ വളർച്ചയിലേക്ക് നയിക്കുന്നത്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) യുമായി ചേർന്ന് ദോഹ ബാങ്ക് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ഇന്ത്യ-ഖത്തർ ബിസിനസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖത്തർ സമ്പദ് വ്യവസ്ഥ 2015 ൽ 4.7 ശതമാനത്തിലധികം വളർച്ച നേടും. നടപ്പുവർഷം രണ്ടാം ക്വാർട്ടറിൽ ഖത്തർ 4.8 ശതമാനം ജിഡിപി വളർച്ച നേടി. കൺസ്ട്രക്ഷൻ, ഫിനാൻഷ്യൽ സർവീസസ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളാണ് വളർച്ചയെ പിന്തുണച്ചത്. ആഗോള മത്സരക്ഷമതാ സൂചികയിൽ ഖത്തർ 14 ാം സ്ഥാനത്തുണ്ടെന്നും ഡോ. സീതാരാമൻ ചൂണ്ടിക്കാട്ടി.

Doha-Bank-Business-meet--De

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പ്രകൃതിവാതകം വിതരണം ചെയ്യുന്നത് ഖത്തർ ആണ്. ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2014-15 ൽ 16 ബില്യൺ ഡോളറിന്റേതായിരുന്നു. ഇതേകാലയളവിൽ ജിസിസി രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 133 ബില്യൺ ഡോളറിന്റേതാണ്. 2013 ൽ ഭാരതി എയർടെല്ലിൽ ഖത്തർ 5 ശതമാനം ഓഹരിനിക്ഷേപം നടത്തിയിരുന്നു. നിരവധി ഇന്ത്യൻ കമ്പനികളും ഖത്തറിൽ കരാറുകൾ ഏറ്റെടുക്കുകയും മൂലധനനിക്ഷേപം നടത്തുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി സുരേഷ് പ്രഭു, സിഐഐ ഹെൽത്ത്‌കെയർ കൗൺസിൽ ചെയർമാൻ ഡോ. നരേഷ് ട്രിഹാൻ, ദോഹബാങ്ക് എജിഎം ഗണേശൻ രാമകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.