ക്രൂഡ് ഓയിൽ വിലയിടിവ് താത്ക്കാലിക പ്രതിഭാസമെന്ന് ഡോ. സീതാരാമൻ

Posted on: January 22, 2016

KMA-Seetharaman-jan-2016-Bi

കൊച്ചി : ക്രൂഡ് ഓയിലിന്റെ വില ഇടിവ് താത്ക്കാലിക പ്രതിഭാസം മാത്രമാണെന്ന് ദോഹ ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ. ആർ. സീതാരാമൻ അഭിപ്രായപ്പെട്ടു. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ 35 ാം വാർഷിക സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപഭോഗത്തിൽ വന്ന വ്യത്യാസമോ ഉത്പാദനം കൂടിയതോ അല്ല കറൻസി യുദ്ധമാണ് വിലയിടിവിന് കാരണം. ഇപ്പോഴത്തെ വിലയിൽ 16 രാജ്യങ്ങളിൽ എണ്ണ ഉത്പാദനം ലാഭകരമല്ല. അത് കൊണ്ട് തന്നെ കൂടുതൽ നിക്ഷേപം വരികയും എണ്ണ വില കൂടുകയും ചെയ്യും.

സോളാർ ഉൾപ്പെടെയുള്ള പാരമ്പര്യേതര ഊർജം പരമാവധി ഉപയോഗപ്പെടുത്താൻ ഇന്ത്യ തയാറാവണമെന്നും സീതാരാമൻ പറഞ്ഞു. എണ്ണ വിലയിടിവ് അതിനുള്ള അവസരമായി കണ്ട് ഇക്കാര്യത്തിൽ അടിയന്തര നടപടി വേണം. ആഗോളതലത്തിൽ സാമ്പത്തിക, രാഷ്ട്രീയ ഭരണ നിർവഹണം മെച്ചപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഇനി ഇന്ത്യയുടെ കാലമാണ്. വരും നൂറ്റാണ്ടിൽ ഏറെ നേട്ടം കൊയ്യാൻ കഴിയുന്നത് ഇന്ത്യക്കാണ്. രാജ്യത്തിന്റെ വളർച്ച ലക്ഷ്യമാക്കി കാഴ്ച്ചപ്പാടിലും നയങ്ങളിലും പുനർവിചിന്തനം വേണമെന്നും ഡോ. സീതാരാമൻ അഭിപ്രായപ്പെട്ടു.