വിഴിഞ്ഞം തുറമുഖം : ഓയിൽ കമ്പനികൾക്ക് 100 ഏക്കർ ഭൂമി ഏറ്റെടുത്തു നൽകുമെന്ന് മന്ത്രി കെ. ബാബു

Posted on: April 7, 2015

Vizhinjam-Seaport-Master-Pl

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ വികസനത്തിനോടനുബന്ധിച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾക്കായി 100 ഏക്കർ ഭൂമി ഏറ്റെടുത്ത് നൽകുമെന്ന് തുറമുഖ മന്ത്രി കെ. ബാബു പറഞ്ഞു. വിഴിഞ്ഞം തുറമുഖ വികസനത്തിനോടനുബന്ധിച്ച് പൊതുമേഖലാ ഓയിൽ കമ്പനി പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേമ്പറിൽ ചേർന്ന പ്രാരംഭ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

എണ്ണക്കമ്പനികൾക്ക് 15 കിലോമീറ്റർ ദൈർഘ്യത്തിൽ പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിന് സ്ഥലം ഏറ്റെടുത്ത് കൊടുക്കും. തുറമുഖ ടെർമിനലിനുള്ളിലെ ബങ്കർ നിർമ്മാണത്തിന് 10 ഏക്കർ സ്ഥലവും ഏറ്റെടുത്ത് നൽകും. ഇവയ്‌ക്കെല്ലാമുള്ള ചെലവ് എണ്ണക്കമ്പനികൾ വഹിക്കും.

കൊച്ചി റിഫൈനറിയിൽ നിന്ന് റോഡുമാർഗം നാനൂറോളം ഓയിൽ ട്രക്കുകളാണ് പ്രതിദിനം തെക്കൻ ജില്ലകളിലേക്ക് വരുന്നത്. വിഴിഞ്ഞത്ത് ഓയിൽ ടെർമിനൽ വരുന്നതോടെ റോഡിലെ തിരക്ക് ഒഴിവാക്കാനാവും. നിലവിൽ ബങ്കറിംഗ് ബിസിനസ് കൊളംബോയിലാണ് ഉള്ളത്.

ബിപിസിഎൽ, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾ സംയുക്തമായാണ് വിഴിഞ്ഞത്ത് പദ്ധതി നടപ്പാക്കുന്നത്. റെയിൽ വികാസ് നിഗം ലിമിറ്റഡാണ് തുറമുഖത്ത് റെയിൽവേ അനുബന്ധ പ്രവർത്തനങ്ങൾക്ക് സർവേ നടത്തുന്നത്. ഏകദേശം 20 കിലോമീറ്റർ നീളത്തോളം റെയിൽപ്പാത നിർമ്മിക്കുന്നുണ്ട്.

കേന്ദ്ര ഗവൺമെന്റ് പദ്ധതിയായ സാഗർമാല പദ്ധതി പ്രകാരം പൊന്നാനി, അഴീക്കൽ, കൊല്ലം തുറമുഖങ്ങളിലേക്ക് റെയിൽപാത നിർമ്മിക്കുന്നതിന് നിർദ്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ മന്ത്രി ആര്യാടൻ മുഹമ്മദ്, പെട്രോളിയം കമ്പനികളിലെ ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.