വിവിധപദ്ധതികള്‍ക്കായി 1.5 ലക്ഷം കോടി നിക്ഷേപിക്കാന്‍ ബിപിസിഎല്‍

Posted on: August 30, 2023

കൊച്ചി : ഭാരത് പെട്രോളിയം കോര്‍പറേഷന്‍ (ബിപിസിഎല്‍) 5 വര്‍ഷത്തിനുള്ളില്‍ വിവിധപദ്ധതികള്‍ക്കായി നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത് 1.5 ലക്ഷംകോടി രൂപ. 70 -ാം വാര്‍ഷിക ജനറല്‍ ബോഡിയില്‍ ബിപിസിഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജി.കഷ്ണകുമാറാണു ഭാവി പദ്ധതികള്‍ വിശദീകരിച്ചത്. കൊച്ചി റിഫൈനറിയില്‍ നടപ്പാക്കാന്‍ ആലോചിക്കുന്ന പോളിപ്രൊപ്പിലീന്‍ പദ്ധതി സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്നാണുപ്രതീക്ഷയെന്നു അദ്ദേഹം പറഞ്ഞു.

ഭാവി വികസനം മുന്നില്‍ക്കണ്ടാണ് ‘പ്രോജക്ട് ആസ്പയര്‍’ ആവിഷ്‌കരിക്കുന്നത്. റിഫൈനിംഗ് ഉള്‍പ്പെടെയുള്ള പരമ്പരാഗത മേഖലകള്‍ക്കു പുറമേ ഗ്യാസ്, ഇന്ധന ഇതര റീട്ടെയ്ല്‍ ബിസിനസ്, ഹരിത ഊര്‍ജം, ഡിജിറ്റല്‍ സംരംഭങ്ങള്‍ തുടങ്ങിയ പുതിയ മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കും. മധ്യപ്രദേശിലെ ബിന റിഫൈനറിയില്‍ 49,000 കോടി രൂപ ചെലവിട്ട് എഥിലീന്‍ കാക്കര്‍ പദ്ധതിക്ക് അനുമതി നല്‍കിക്കഴിഞ്ഞു.

ഒരൊറ്റ പദ്ധതിയില്‍ ബിപിസിഎല്‍ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. ഇമൊബിലിറ്റി മേഖലയിലും വന്‍ വികസനമാണ് ആലോചിക്കുന്നത്. 5 വര്‍ഷത്തിനുള്ളില്‍ 7,000 ചാര്‍ജിംഗ് സ്റ്റേഷന്‍ ആരംഭിക്കും. അവകാശ ഓഹരി വില്പനയിലൂടെ 18,000 കോടിരൂപ സമാഹരിക്കാനാണു ബിപിസിഎല്‍ ലക്ഷ്യമിടുന്നത്.

 

TAGS: BPCL |