ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പുകള്‍ ആരംഭിക്കാന്‍ 5 ലക്ഷം രൂപ സിഡ്ബി വായ്പ

Posted on: March 13, 2024

ന്യൂഡല്‍ഹി : ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പുകള്‍ ആരംഭിക്കാന്‍ ദേശീയ ചെറുകിട വ്യവസായ ബാങ്ക് (സിഡ്ബി) ഈടില്ലാതെ 5 ലക്ഷം രൂപ വരെ വായ്പ നല്‍കും. പ്രവര്‍ത്തനമൂലധന സഹായമായി 2ലക്ഷം രൂപയുടെ വായ്പയും ലഭിക്കും. സാധാരണക്കാര്‍ക്കു കുറഞ്ഞചെലവില്‍ ഗുണനിലവാരമുള്ള മരുന്നുകള്‍ വിതരണം ചെയ്യാനുള്ള പദ്ധതിയാണ് ജന്‍ ഔഷധി.

നിലവില്‍ 11,000 ജന്‍ ഔഷധി കേന്ദ്രങ്ങളാണ് രാജ്യത്തുള്ളത്. ഇത് 25,000 ആക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. റെന്റല്‍ ഡിപ്പോസിറ്റ്, കംപ്യൂട്ടര്‍, എയര്‍ കണ്ടിഷനര്‍ അടക്കം പദ്ധതിയുടെ 80% ചെലവ് വായ്പയായി ലഭിക്കും. 3 വര്‍ഷമാണ് തിരിച്ചടവ് കാലയളവ്. തുടക്കത്തില്‍ 6 മാസം മൊറട്ടോറിയമുണ്ട്. മരുന്ന് സ്റ്റോക്ക് വാങ്ങാനായിട്ടാണ് 2 ലക്ഷം രൂപയുടെപ്രവര്‍ത്തനമൂലധന വായ്പ.

പൂര്‍ണമായും ഓണ്‍ലൈനായിട്ടാണ് വായ്പാ അപേക്ഷ.10 മിനിറ്റ് കൊണ്ട് അപേക്ഷ പൂര്‍ത്തിയാക്കാം. വെബ്‌സൈറ്റ്: jak-prayaasloans.sidbi.in എംഎസ്എംഇ ഉദ്യം റജിഷന്‍ ആവശ്യമാണ്. janaushadhi.gov.in എന്ന സൈറ്റിലൂടെയാണ് ജന്‍ ഔഷധി കേന്ദ്രം തുടങ്ങാനുള്ള അപേക്ഷ നല്‍കുന്നത്.

TAGS: SIDBI |