വനിതാ സംരംഭക ശാക്തീകരണത്തിന് സിഡ്ബി 120.76 ലക്ഷം രൂപ കൈമാറി

Posted on: November 27, 2023

തിരുവനന്തപുരം : വനിത സംരംഭകരെ ശാക്തീകരിക്കുന്നതിനും പ്രോത്സാഹനത്തിനുമുള്ള പദ്ധതികള്‍ക്കുള്ള പിന്തുണയായി സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി) കേരള സ്റ്റേറ്റ് അസോസിയേഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന് (കസാഫി) 120.76 ലക്ഷം രൂപ അനുവദിച്ചു.

തിരുവനന്തപുരത്ത് ശനിയാഴ്ച നടന്ന ധനമന്ത്രാലയത്തിന്റെ വായ്പാ വ്യാപന മേളയില്‍ തുക ധനമന്ത്രി നിര്‍മല സീതാരാമനില്‍ നിന്ന് കസാഫി പ്രസിഡന്റ് കെ. പോള്‍ തോമസ്, സെക്രട്ടറി കൃഷ്ണ ചന്ദ്രന്‍ വി, കണ്‍വീനര്‍ ജെയിംസ് രോഹന്‍ വിന്നി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

സിഡ്ബിയുമായി സഹകരിച്ച് കസാഫി വയനാട്, പാലക്കാട്, തൃശൂര്‍, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വനിതാ സംരംഭകത്വ വികസനത്തിനായി വിവിധ പരിശീലന പരിപാടികളും ശില്‍പ്പശാലകളും സംഘടിപ്പിക്കും. അതോടൊപ്പം കസാഫി 13,41,800 ലക്ഷം രൂപയും ഈ പദ്ധിതിയിലേക്ക് സംഭാവന ചെയുന്നുണ്ട്.

5000 വനിതകളുടെ ശാക്തീകരണമാണ് പ്രാഥമിക ലക്ഷ്യം. മൈക്രോഫിനാന്‍സ് മേഖലയിലെ സ്വയം സഹായ സംഘങ്ങള്‍ക്കും, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്കുമായി സമഗ്ര പരിശീനമാണ് പദ്ധതിയുടെ ഭാഗമായി നല്‍കുക. വനിതകളെ മൈക്രോഫിനാന്‍സ് വായ്പക്കാരില്‍ നിന്ന് മൈക്രോ സംരംഭകരാക്കി ഉയര്‍ത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കസാഫി പ്രസിഡന്റ് കെ. പോള്‍ തോമസ് പറഞ്ഞു.

TAGS: SIDBI |