അംഗൻവാടികളിൽ ശുദ്ധജലം ലഭ്യമാക്കാൻ ലേക്ക്‌ഷോർ

Posted on: March 16, 2015

Lakeshore-Hospital-CSR-2015

കൊച്ചി : അംഗൻവാടികളിൽ ശുദ്ധജലം ലഭ്യമാക്കാനുള്ള ലേക്ക്‌ഷോറിന്റെ പദ്ധതി അഭിനന്ദനാർഹമെന്ന് എറണാകുളം ജില്ലാ കളക്ടർ എം. ജി. രാജമാണിക്യം. ലേക്ക്‌ഷോർ ആശുപത്രിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ സഹകരണത്തോടെ എറണാകുളം ജില്ലയിലെ മുഴുൻ അംഗൻവാടികളിലും ശുദ്ധജലം ലഭ്യമാക്കാനുള്ള ലേക്ക്‌ഷോർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വെള്ളം തിളപ്പിക്കാതെ തന്നെ അണുവിമുക്തമാക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് ലേക്ക്‌ഷോർ ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. ഫിലിപ്പ് അഗസ്റ്റിൻ പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത 2118 അംഗൻവാടികളിൽ 20 ലിറ്ററിന്റെ കുടിവെള്ള ഡിസ്‌പെൻസർ വിതരണവും ജലശുദ്ധീകരണത്തിനുള്ള പരിശീലനവും രണ്ടു മാസത്തിനകം പൂർത്തിയാക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വർഷത്തിനകം എറണാകുളത്തെ 2858 അംഗൻവാടികളിലും ഈ സഹായം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

മരട് മുനിസിപ്പാലിറ്റി ചെയർമാൻ അഡ്വ. ടി.കെ. ദേവരാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഹസീന മുഹമ്മദ്, മരട് മുനിസിപ്പാലിറ്റി വെൽഫെയർ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജയദേവി മനോഹരൻ, കൗൺസിലർ അനീഷ് ഉണ്ണി, ഐ സിഡിഎസ് പ്രോഗ്രാം ഓഫീസർ എൽ. ഷീബ എന്നിവർ പ്രസംഗിച്ചു. ലേക്ക്‌ഷോർ ആശുപത്രി കമ്പനി സെക്രട്ടറി ആർ. മുരളീധരൻ നന്ദി പറഞ്ഞു.