കരുത്തുറ്റ പ്രകടനവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്; 275 കോടി രൂപ അറ്റാദായം

Posted on: October 20, 2023

തിരുവനന്തപുരം : നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം ക്വാര്‍ട്ടറില്‍ കരുത്തുറ്റ പ്രകടനവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്. സെപ്തംബര്‍ 30ന് അവസാനിച്ച പാദത്തില്‍ ബാങ്ക് 275 കോടി രൂപ ത്രൈമാസ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 223 കോടി രൂപയായിരുന്നു. 23.2 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. രണ്ടാം ക്വാര്‍ട്ടറിലെ പ്രവര്‍ത്തന ലാഭം 8.2 ശതമാനം വര്‍ധനയോടെ 460 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇത് 426 കോടി രൂപയായിരുന്നു.

നിഷ്‌ക്രിയ ആസ്തികള്‍ കുറയ്ക്കാനും ബാങ്കിനു കഴിഞ്ഞു. മൊത്ത നിഷ്‌ക്രിയ ആസ്തി 5.67 ശതമാനത്തില്‍ നിന്ന് 71 പോയിന്റുകള്‍ കുറച്ച് 4.96 ശതമാനത്തിലും, അറ്റ നിഷ്‌ക്രിയ ആസ്തി 81 പോയിന്റുകള്‍ കുറച്ച് 2.51 ശതമാനത്തില്‍ നിന്ന് 1.70 ശതമാനത്തിലുമെത്തിച്ച് നില മെച്ചപ്പെടുത്തുകയും ചെയ്തു. അറ്റപലിശ വരുമാനം 14.3 ശതമാനം വര്‍ധനയോടെ മുന്‍ വര്‍ഷത്തെ 726 കോടി രൂപയില്‍ നിന്നും ഇത്തവണ 830 കോടി രൂപയായി ഉയര്‍ന്നു.

അറ്റപലിശ മാര്‍ജിന്‍ 35 പോയിന്റുകള്‍ മെച്ചപ്പെട്ട് 2.98 ശതമാനത്തില്‍ നിന്നും 3.33 ശതമാനമായി വര്‍ധിച്ചു. 10.81 ശതമാനമായിരുന്ന പ്രതി ഓഹരി വരുമാനം 262 പോയിന്റുകള്‍ വര്‍ധിച്ച് 13.43 ശതമാനമായും ഉയര്‍ന്നു. ആസ്തികളില്‍ നിന്നുള്ള വരുമാനം 20 പോയിന്റുകള്‍ ഉയര്‍ന്ന് 0.85 ശതമാനമായി വര്‍ധിച്ചു. നിഷ്‌ക്രിയ ആസ്തി അക്കൗണ്ടുകളുടെ റിക്കവറിയും അപ്ഗ്രഡേഷനും മുന്‍ വര്‍ഷത്തെ 374 കോടി രൂപയില്‍ നിന്ന് ഇത്തവണ 475 കോടി രൂപയായും വര്‍ധിച്ചു.

റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 87,111 കോടി രൂപയി നിന്ന് 7.3 ശതമാനം വര്‍ധിച്ച് 93,448 കോടി രൂപയിലെത്തി. പ്രവാസി (എന്‍.ആര്‍.ഐ) നിക്ഷേപം 27500 കോടി രൂപയില്‍ നിന്ന് 4.7 ശതമാനം വര്‍ധനയോടെ 28,785 കോടി രൂപയിലെത്തി. 1,285 കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കാസ അനുപാതത്തില്‍ 1.8 ശതമാനമാണ് വളര്‍ച്ച. സേവിങ്‌സ് ബാങ്ക് അനുപാതം 1.8 ശതമാനവും സിഡി അനുപാതം 1.7 ശതമാനവുമാണ്.