നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ക്രെഡായ് കേരള ഊരാളുങ്കല്‍ സൊസൈറ്റിയുമായി ധാരണാപത്രം ഒപ്പിട്ടു

Posted on: April 25, 2022

കൊച്ചി : കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന്‍ ഓഫ് കേരള (ക്രെഡായ്) സംസ്ഥാനത്ത് നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുമായി ധാരണാപത്രം ഒപ്പിട്ടു. വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പ് വച്ചത്. നോളജ് ട്രാന്‍സ്ഫര്‍, ഇന്‍ഡസ്ട്രി ഇന്റര്‍ഫേസ്, ഇന്റേണ്‍ഷിപ്പ്, ഓണ്‍ ജോബ് ട്രെയിനിംഗ്, സ്റ്റുഡന്റ് പ്‌ളേസ്‌മെന്റ് എന്നിവയിലാണ് സഹകരണം പ്രഖ്യാപിച്ചത്.

ലോകത്തെ ഏറ്റവും പ്രശസ്തമായ പെയിന്റ് നിര്‍മാതാക്കളായ നെതര്‍ലാന്‍ഡ്സിലെ ആക്സോ നോബല്‍ കേരളത്തിലെ യുവാക്കള്‍ക്ക് കണ്‍സ്ട്രക്ഷന്‍ പെയിന്റിങ്ങില്‍ പരിശീലനം നല്‍കും. ക്രെഡായ് കേരളയുടെയും തൊഴില്‍വകുപ്പിന്റെയും നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനും ആക്സോ നോബലും ഇതിനായി ധാരണാപത്രം കൈമാറി. വിദേശത്തടക്കം നിര്‍മാണ മേഖലയില്‍ അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെ ആദ്യ വര്‍ഷം 200 പേര്‍ക്ക് രാജ്യാന്തര നിലവാരമുള്ള പരിശീലനം നല്‍കും.

സെമി സ്‌കില്‍ഡ് വര്‍ക്കര്‍മാരുടെ രാജ്യാന്തര മാനദണ്ഡമായ എല്‍ 2 ലെവല്‍ പരിശീലനം ഇവര്‍ക്ക് ലഭ്യമാക്കുകയും കണ്‍സ്ട്രക്ഷന്‍ പെയിന്റര്‍ ഹെല്‍പ്പര്‍ എന്ന ജോലി ലഭിക്കാന്‍ ഇവരെ പ്രാപ്തരാക്കുകയും ചെയ്യും. ഒരു ബാച്ചില്‍ 25 പേര്‍ക്കാവും പ്രവേശനം. ഒരു വര്‍ഷം എട്ട് ബാച്ചുകളിലായി 200 പേര്‍ക്ക് പരിശീലനം നല്‍കാം. മികച്ച വിദ്യാര്‍ഥികള്‍ക്ക് മൂന്ന് സ്ഥാപനങ്ങളും ചേര്‍ന്ന് തൊഴില്‍ ഉറപ്പാക്കുകയും ചെയ്യും.

ആക്സോ നോബല്‍ ഇന്ത്യ കമ്പനി സെക്രട്ടറിയും കംപ്ലയന്‍സ് ഓഫീസറുമായ ഹര്‍ഷി രസ്‌തോഗി, ഐ ഐ ഐ സി ഡയറക്ടര്‍ ഡോ. ബി സുനില്‍കുമാര്‍, ക്രെഡായ് കേരള കണ്‍വീനര്‍ ജനറല്‍ എസ് .എന്‍. രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു, തൊഴില്‍മന്ത്രി വി.ശിവന്‍കുട്ടി, നെതര്‍ലന്‍ഡ്സ് അംബാസഡര്‍ മാര്‍ട്ടിന്‍ വാന്‍ ടെന്‍ ബെര്‍ഗ് , ചീഫ് സെക്രട്ടറി വി.പി ജോയ്, ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി എന്നിവരുടെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പിട്ടത്.

 

TAGS: Credai |