മൻഖൂലിൽ 100 കിടക്കകളുള്ള അസ്റ്റർ ഹോസ്പിറ്റൽ

Posted on: January 28, 2015

Aster-DM-Mankool-bigദുബൈ: അസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ഏറ്റവും വിപുലമായ ആശുപത്രി ബർദുബായിലെ മൻഖൂലിൽ ആരംഭിക്കുന്നു. ഡി.എം ഹെൽത്ത് കെയറിനു കീഴിൽ ആരംഭിക്കുന്ന അഞ്ചു ആശുപത്രികളിൽ ആദ്യത്തേതാണ് നൂറു ബെഡുകളോടു കൂടിയ മൻഖൂലിലെ അസ്റ്റർ ഹോസ്പിറ്റൽ. പൊതുജനങ്ങൾക്കായി 29 ന് തുറന്നുകൊടുക്കുന്ന ആശുപത്രിയുടെ ഔദ്യോഗിക ഉദ്ഘാടനം വരും ദിവസങ്ങളിൽ നടക്കും.

അസ്റ്റർ മൻഖൂൽ ഹോസ്പിറ്റൽ പിന്നിട്ട പാതയിലെ ഞങ്ങളുടെ ഏറ്റവും വലിയ നാഴികക്കല്ലാണ്. 27 വർഷങ്ങൾക്കു മുമ്പ് യു.എ.ഇയിലെ ആരോഗ്യ മേഖലയിൽ വേരുറപ്പിച്ച ഞങ്ങൾക്ക് എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകിയ ഭരണാധികാരികളോടും ആരോഗ്യ വകുപ്പ് അധികൃതരോടും അകൈതവമായ നന്ദിയുണ്ട്. അസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

ASTER-Hospital-Mankhool-ext

അസ്റ്റർ ഡി.എം ആശുപത്രികൾ ഖിസൈസിലും അബുദാബിയിലും ഈ വർഷം പ്രവർത്തനമാരംഭിക്കും. കൂടാതെ, മെഡ്‌കെയർ എന്ന ബ്രാൻഡിനു കീഴിൽ ഷാർജയിലും, കുട്ടികൾക്കും സ്ത്രീകൾക്കുമായി ഷെയ്ഖ് സായിദ് റോഡിലും ഉടൻ തുറക്കും. മുന്നൂറ് മെഡിക്കൽ യൂണിറ്റുകൾ എന്ന ലക്ഷ്യം 2017-നു മുമ്പായി കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങൾക്ക് സുപരിചിതവും മേഖലയിലെ പഴക്കമേറിയതുമായ ആരോഗ്യ സേവനദാതാക്കളായി അസ്റ്റർ മാറിയതിൽ അഭിമാനമുണ്ടെന്ന് അസ്റ്റർ ഡി.എം ഹെൽത്ത് കെയർ കോർപ്പറേറ്റ് സ്ട്രാറ്റജീസ് ഡയറക്ടർ ഡോ. അലിഷാ മൂപ്പൻ പറഞ്ഞു.

1,90,000 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന അസ്റ്റർ മൻഖൂൽ ആശുപത്രിയിൽ പ്രാഥമിക ആരോഗ്യ പരിപാലനം മുതൽ ശസ്ത്രക്രിയാ വിഭാഗം, ഉദരരോഗ വിഭാഗം, ശിശു രോഗ വിഭാഗം, ഡയാലിസിസ് തുടങ്ങി അത്യാഹിത വിഭാഗം വരെ പ്രവർത്തിക്കുന്നു. അതിനൂതന സാങ്കേതിക സൗകര്യങ്ങളാണ് എല്ലാ വിഭാഗങ്ങളിലും ഒരുക്കിയിട്ടുള്ളത്.