മലബാര്‍ ഗ്രൂപ്പ് ഒരു ലക്ഷം വാക്സിനുകള്‍ സൗജന്യമായി നല്‍കും

Posted on: June 3, 2021

കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിനു നേതൃത്വം നല്‍കുന്ന മലബാര്‍ ഗ്രൂപ്പ് കോവിഡപ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ഒരു ലക്ഷം കോവിഡ് വാക്‌സിനുകള്‍ സൗജന്യമായി നല്‍കുന്നു.

കോവിഡ് രോഗബാധയുണ്ടാകാന്‍ സാധ്യതയുള്ളതും എന്നാല്‍ വാക്‌സിന്‍ ലഭിക്കാന്‍ പ്രയാസ
പ്പെടുന്നതുമായ സമൂഹത്തിലെ അര്‍ഹരായവര്‍ക്കും ആഭരണ നിര്‍മാണതൊഴിലാളികള്‍ക്കും മലബാര്‍ ഗ്രൂപ്പിനുകീഴിലുള്ള ജീവനക്കാര്‍ക്കും നിക്ഷേപകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണു സൗജന്യമായി കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുക. വിവിധ മുന്‍നിര ആശുപ്രതികളുമായി ചേര്‍ന്നു ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള വാക്‌സിനുകളാണു നല്‍കുക.

കോവിഡ് രണ്ടാം തരംഗത്തിനെതിരെ രാജ്യം പോരാടുമ്പോള്‍ പ്രതിരോധ കുത്തിവയ്പ് നടത്തേണ്ടത് ഏറ്റവും സുപ്രധാനമായ കാര്യമാണെന്നും ഇതിന്റെഭാഗമായുള്ള ദേശീയ വാക്‌സിനേഷന്‍ ദൗത്യത്തെ പിന്തുണച്ചുകൊണ്ടുള്ള മലബാര്‍ ഗ്രൂപ്പിന്റെ ആദ്യ ചുവടുവെപ്പാണിതെന്നും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു. എട്ടു കോടി രൂപയാണ് ഇതിനു വേണ്ടി വകയിരുത്തിയിട്ടുള്ളത്. വിവിധ ചാരിറ്റബിള്‍, സന്നദ്ധ സംഘടനകളുടെയുമെല്ലാം സഹായത്താടെയാണു വാക്‌സിനേഷന് അര്‍ഹരായവരെ കണ്ടെത്തുകയെന്ന് അദ്ദേഹം പറഞ്ഞു.