മലബാർ ഗോൾഡ് 97 പുതിയ ഷോറൂമുകൾ തുറക്കും

Posted on: April 20, 2022

 

കോഴിക്കോട് : മുന്‍നിര ജൂവലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് 2021-22 സാമ്പത്തിക വര്‍ഷം 30,000 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവ് കൈവരിച്ചു. മുന്‍ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 35ശതമാനം വളര്‍ച്ച. നടപ്പു സാമ്പത്തികവര്‍ഷം 50 ശതമാനംവളര്‍ച്ചയോടെ 45,000 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നതെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ് പറഞ്ഞു.

ലോകത്തിലെ ഏറ്റവുംവലിയ ജൂവലറി റീട്ടെയിലറായി മാറുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നടപ്പു സാമ്പത്തികവര്‍ഷം 97 പുതിയ ഷോറൂമുകള്‍ തുറക്കും. 60 ഷോറൂമുകള്‍ ഇന്ത്യയിലും 37 എണ്ണം വിദേശരാജ്യങ്ങളിലുമാണ് ആരംഭിക്കുക. ഇതോടെ 2023 മാര്‍ച്ചിനുള്ളില്‍ ആകെ ഷോറൂമുകളുടെ എണ്ണം 373 ആയി ഉയരും. ഇതില്‍ 206 എണ്ണം ഇന്ത്യയിലും 167 എണ്ണം വിദേശരാജ്യങ്ങളിലുമായിരിക്കും. യു.കെ.,ഈജിപ്ത്, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ ഒരുവര്‍ഷത്തിനുള്ളില്‍ പുതിയ ഷോറൂമുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.

കഴിഞ്ഞ സാപത്തികവര്‍ഷം വിവിധ രാജ്യങ്ങളിലായി 31 ഷോറൂമുകളാണ് പുതുതായി ആരംഭിച്ചത്. നിലവില്‍ 10 രാജ്യങ്ങളിലായി കമ്പനിക്ക് 276 ഷോറൂമുകളുണ്ട്. അഞ്ച് രാജ്യങ്ങളിലായി 14 ആഭരണ നിര്‍മാണ ഫാക്ടറികളും കമ്പനിക്കുണ്ട്. 2021-22-ല്‍ 520 കോടി രൂപയാണ് ഇന്ത്യയില്‍ നികുതി ഇനത്തില്‍ സര്‍ക്കാറിലേക്ക് നല്‍കിയത്. നിലവില്‍ 14,000 ജീവനക്കാരുള്ള കമ്പനി, നടപ്പു സാമ്പത്തികവര്‍ഷം ആറായിരത്തിലേറെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

TAGS: Malabar Gold |