വയനാട് ഹർഷം പദ്ധതി : മലബാർ ഗ്രൂപ്പിന്റെ 12 വീടുകളുടെ താക്കോൽ ദാനം 26 ന്

Posted on: March 24, 2022

കോഴിക്കോട് : വയനാട്ടിലെ പുത്തുമലയില്‍ 2019 ഓഗസ്റ്റിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് ഉള്‍പ്പെടെ നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് സര്‍ക്കാരുമായി ചേര്‍ന്ന് മലബാര്‍ ഗ്രൂപ്പ് പണിത 12 വീടുകള്‍ 26 ശനിയാഴ്ച കൈമാറും.

മേപ്പാടിയില്‍ മാതൃഭൂമി സം ഭാവനചെയ്ത സ്ഥലത്താണ് ഹര്‍ഷംഎന്ന പേരില്‍ സര്‍ക്കാര്‍ പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതിയില്‍ മുന്നു വീടുകള്‍ കൂടി മലബാര്‍ ഗ്രൂപ്പ് നിര്‍മിച്ചുനല്‍കും. വീടുകളുടെ താക്കോല്‍ ദാനം ശനിയാഴ്ച 12.30 ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. അഡ്വ. ടി. സിദ്ദിഖ് എംഎല്‍എ അധ്യക്ഷനായിരിക്കും.

അമ്പതു കുടുംബങ്ങളെയാണു മേപ്പാടിയില്‍ പുനരധിവസിപ്പിക്കുന്നത്. ഈ വീടുകളിലേക്കു ശുദ്ധജലമെത്തിക്കുന്ന പദ്ധതിയും മലബാര്‍ ഗ്രൂപ്പിന്റെ സംഭാവനയാണ്. ഇതിന്റെ ഉദ്ഘാടനം എളമരം കരീം എംപി നിര്‍വഹിക്കും.

പ്രകൃതി ദുരന്തത്തെ അതിജീവിച്ച കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു. താക്കോല്‍ദാന ചടങ്ങില്‍ എംഎല്‍എമാരായ ഐ.സി. ബാലകൃഷ്ണന്‍, ഒ.ആര്‍. കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശംഷാദ്മരക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

TAGS: Malabar Gold |