അസ്റ്റർ ഡി.എം : ‘എന്റെ ആരോഗ്യം എന്റെ പ്രതിജ്ഞ’ ഒന്നര ലക്ഷം കഴിഞ്ഞു

Posted on: January 16, 2015

Aster-DM-T-P-Seetharaman-bi

ദുബൈ : അസ്റ്റർ ഡി.എം ഹെൽത്ത്‌കെയറിന്റെ ‘എന്റെ ആരോഗ്യം എന്റെ പ്രതിജ്ഞ’ പദ്ധതിയിൽ ലോകമെമ്പാടുമായി ഒന്നരലക്ഷത്തിലധികം പേർ പ്രതിജ്ഞയെടുത്തു. 2014 നവംബറിൽ ആരംഭിച്ച പദ്ധതിക്ക് അഭൂതപൂർവമായ സ്വീകരണമാണ് ജനങ്ങൾ നൽകിയത്.

ദൈനംദിന ജീവിതത്തിലെ ശീലങ്ങളിലും ശൈലിയിലും ചെറിയ മാറ്റങ്ങൾ വരുത്തി ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യജീവിതം സ്വായത്തമാക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനു വേണ്ടിയാണ് ‘എന്റെ ആരോഗ്യം എന്റെ പ്രതിജ്ഞ’ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള ആദ്യപടി എന്ന നിലയിൽ ജനങ്ങൾ ‘എന്റെ ആരോഗ്യം എന്റെ പ്രതിജ്ഞ’ പദ്ധതിയെ അംഗീകരിച്ചതിൽ അതീവ സന്തോഷമുണ്ടെന്ന് അസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു: പലപ്പോഴും ആദ്യ ചുവടുവെപ്പ് കണ്ടെത്തുക എന്നതാണ് ബുദ്ധിമുട്ടുള്ള കാര്യം. ആരോഗ്യജീവിതത്തിലേക്കുള്ള യാത്രയിൽ അത് ഏറെ പ്രധാനവുമാണ്. ആരോഗ്യകരമായ ചെറിയ ശീലങ്ങൾ അനുഷ്ഠിച്ച് ആദ്യ ചുവടുവെക്കാൻ ജനങ്ങളെ സഹായിക്കുക എന്നതാണ് ഈ കാമ്പൈയിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Aster-DM--Jamal-Majid-Bin-T

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ, പാകിസ്താനി ക്രിക്കറ്റർമാരായ മിസ്ബാഹുൽ ഹഖ്, ഷാഹിദ് അഫ്രിദി, സർഫറാസ് അഹ്്മദ്, ഉമർ ഗുൽ, ഉമർ അക്മൽ, അഹമ്മദ് ഷഹ്‌സാദ്, സുഹൈൽ തൻവീർ, ദുബൈ ഹെൽത്ത് അഥോറിട്ടി ഡയറക്ടർ ജനറൽ എഞ്ചിനീയർ ഈസ അൽ ഹാജ് അൽ മൈദൂർ, യുഎഇയിലെ ഇന്ത്യൻ അംബാസഡർ ടി. പി സീതാറാം, ഫിലിപ്പീൻ അംബാസഡർ ഗ്രേസ് റെലുഷ്യോ പ്രിൻസേസ, ദുബൈയിലെ യുകെ കോൺസൽ ജനറൽ എഡ്വാർഡ് ഹൊബാർട്ട്, ഡി.പി വേൾഡ് വൈസ് ചെയർമാൻ ജമാൽ മാജിദ് ബിനി തനിയ്യ, ഇന്ത്യൻ സിനിമാ താരങ്ങളായ അജയ് ദേവ്ഗൺ, നാനാ പടേക്കർ, ജയറാം, കപിൽ ശർമ, അലി അസ്ഗർ, അർബാസ് ഖാൻ തുടങ്ങിയവർ പ്രതിജ്ഞയെടുത്ത പ്രമുഖരിൽപ്പെടുന്നു.

ആരോഗ്യ പ്രതിജ്ഞയോട് ജനങ്ങൾ കാണിക്കുന്ന താൽപര്യത്തിന് ഏറെ നന്ദിയുണ്ടെന്നും അസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ കോർപറേറ്റ് സ്ട്രാറ്റജീസ് ഡയറക്ടർ അലിഷാ മൂപ്പൻ പറഞ്ഞു. www.myhealthmypledge.com എന്ന വെബ്‌സൈറ്റ് സന്ദർശിച്ചോ, ഞങ്ങളുടെ കേന്ദ്രങ്ങളിലെത്തി പ്രതിജ്ഞാ കൂപ്പണുകൾ പൂരിപ്പിച്ചോ ഈ മഹദ്‌സംരംഭത്തിന്റെ ഭാഗമാകാവുന്നതാണ്.’ – അവർ വ്യക്തമാക്കി.