5 ജി ട്രയല്‍ : ബിഎസ്എന്‍എല്‍ ഉള്‍പ്പടെ 13 കമ്പനികള്‍ക്ക് അനുമതി

Posted on: May 5, 2021

 

മുംബൈ : ബി.എസ്.എന്‍.എലിന്റേതടക്കം 13 അപേക്ഷകര്‍ക്ക് 5 ജി സാങ്കേതികവിദ്യ പരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ചൈനീസ് കമ്പനികളായ വാവേ, സെഡ്.ടി.ഇ. എന്നിവയെ ഒഴിവാക്കി. ഇപ്പോള്‍ ഉപയോഗത്തിലുള്ള 4 ജിയെക്കാള്‍ പത്തുമടങ്ങ് വേഗത്തില്‍ ഡേറ്റ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെന്നതാണ് 5ജിയുടെ പ്രത്യേകത.

സി-ഡോട്ട് എന്ന കമ്പനിയുമായി ചേര്‍ന്നാണ് ബി.എസ്.എന്‍.എല്‍. 5 ജി പരീക്ഷണം നടത്തുന്നത്. റിലയന്‍സ് ജിയോ, കൊറിയന്‍ കമ്പനിയായ സാംസംഗ്, ഫിന്‍ലന്‍ഡ് കമ്പനിയായ നോക്കിയ, സ്വീഡന്റെ എറിക്‌സണ്‍ എന്നിവയുമായി ചേര്‍ന്നും ഒറ്റയ്ക്കും പരീക്ഷണത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഭാരതി എയര്‍ടെലും വോഡഫോണ്‍ ഐഡിയയും നോക്കിയ, എറിക്‌സണ്‍ എന്നീ കമ്പനികളുമായി സഹകരിക്കുന്നു. വോഡഫോണ്‍ ഐഡിയ അമേരിക്കന്‍ കമ്പനിയായ മാവെനീറുമായി ചേര്‍ന്നും പരീക്ഷണം നടത്തും.

ആറുമാസമാണ് പരീക്ഷണകാലാവധി. അതില്‍ ആദ്യരണ്ടുമാസം ഉപകരണങ്ങള്‍ സംഭരിക്കാനും സ്ഥാപിക്കാനുമാണ്.

TAGS: 5G | BSNL |