ടേബിൾ ടോപ്പ് റൺവേകൾ എയർ ഇന്ത്യ എക്‌സ്പ്രസിന് അപകടക്കെണി

Posted on: August 8, 2020

കോഴിക്കോട് : ഉയർന്ന പ്രദേശങ്ങൾ നിരപ്പാക്കി റൺവേ ഒരുക്കുന്ന ടേബിൾ ടോപ്പ് എയർപോർട്ടുകൾ എയർ ഇന്ത്യ എക്‌സ്പ്രസിന് അപകടക്കെണിയാകുന്നു. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നി മാറി അപകടമുണ്ടാകുന്നത് ഇത് രണ്ടാം തവണയാണ്. 2010 മെയ് 22 ന് മംഗലാപുരം വിമാനത്താവളത്തിൽ സമാനമായ അപകടമുണ്ടായിരുന്നു. അന്ന് യാത്രക്കാരും വിമാനജോലിക്കാരും ഉൾപ്പടെ 166 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 158 പേർ മരണമടഞ്ഞു. എട്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രക്കാരിൽ ഏറെപ്പേരും മലയാളികളായിരുന്നു.

ഇന്നലെ വന്ദേഭാരത് മിഷന്റെ ഭാഗമായി ദുബായിൽ നിന്ന് എത്തിയ ഫ്‌ളൈറ്റ് ഐഎക്‌സ് 1344 ൽ 180 യാത്രക്കാരും 10 വിമാനജോലിക്കാരും ഉൾപ്പടെ 190 പേരാണ് ഉണ്ടായിരുന്നത്. ബോയിംഗ് 737-800 വിമാനം താരതമ്യേന സുരക്ഷിതവുമാണ്. പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലം വിമാനം കത്തിയമർന്നില്ല. അതിനാൽ മരണസംഖ്യ ഗണ്യമായി കുറയ്ക്കാനായി.

ഇന്നലെ കോഴിക്കോടും സമീപപ്രദേശങ്ങളിലും കനത്തമഴയും കാറ്റുമുണ്ടായിരുന്നു. മോശം കാലാവസ്ഥ കണക്കിലെടുത്ത് രാത്രി വിമാന സർവീസുകൾ കണ്ണൂരിലേക്ക് വഴിതിരിച്ചുവിടാമായിരുന്നു. കരിപ്പൂർ എയർപോർട്ടിലെ റൺവേ ലൈറ്റിംഗ് മോശമാണെന്ന് പൈലറ്റുമാർക്ക് ഇടയിൽ ആക്ഷേപമുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 100 മീറ്ററിലേറെ ഉയരത്തിലാണ് കരിപ്പൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.