ലോക്ഡൗണ്‍ താങ്ങാനാവില്ലെന്ന് സിഐഐ

Posted on: July 25, 2020

കൊച്ചി : വീണ്ടുമൊരു ലോക്ഡൗണ്‍ കേരളത്തെ സമ്പൂര്‍ണ തകര്‍ച്ചയിലേക്കു നയിക്കുമെന്നും അതിനാല്‍ ഒഴിവാക്കണമെന്നും വ്യവസായ ലോകം. വ്യവസായികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) മുഖ്യമന്ത്രിക്കു നിവേദനം നല്‍കി. രോഗവ്യാപനം തടയുന്നതിനുള്ള മാര്‍ഗമായി സമ്പൂര്‍ണ ലോക്ഡൗണിനെ പരിഗണിക്കരുതെന്ന് സംഘടന പറഞ്ഞു.

സംസ്ഥാനമാകെയോ നഗരമാകെയോ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താതെ രോഗമുള്ള ഇടങ്ങളില്‍ മാത്രം കണ്ടെയ്ന്റ്‌മെന്റ് സോണുകള്‍ ഏര്‍പ്പെടുത്തണം. ചെറുകിട വ്യവസായങ്ങളുടെയും കടകളുടെയും റസ്റ്ററന്റുകളുടേയും പ്രവര്‍ത്തനത്തെ പൂര്‍ണമായി തടയരുത്. എന്നാല്‍ ഈ രംഗങ്ങള്‍ക്കെല്ലാം ആരോഗ്യം മുന്‍നിര്‍ത്തിയുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ബാധകമാക്കാം. സംസ്ഥാനത്തെ വ്യവസായങ്ങളില്‍ 95 ശതമാനവും ചെറുകിട ഇടത്തരം സംരംഭങ്ങളാണ്. പൂര്‍ണ ലോക്ഡൗണ്‍ ഇവയെ തരിപ്പണമാക്കും.

നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ പോലും ഉപജീവന മാര്‍ഗങ്ങള്‍ തേടുമ്പോള്‍ മിനിമം വേതന നിയമം തല്‍ക്കാലം മരവിപ്പിച്ച് തൊഴിലുകളുടെ ലഭ്യതയിലാണു സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത്. പുറത്തു നിന്നു വരുന്നവര്‍ കോവിഡ് നെഗറ്റീവായാല്‍ 14 ദിവസം കഴിഞ്ഞ് ജോലിയിലേര്‍പ്പെടാന്‍ കഴിയണം. ഒരു സ്ഥാപനത്തിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ പോലും മൂന്നു ദിവസത്തെ ഇടവേള കഴിഞ്ഞ് അണുമുക്തമാക്കിയശേഷം പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുവദിക്കണം. യാഥാര്‍ത്ഥ്യം കണ്ടറിഞ്ഞ് പ്രായോഗിക സമീപനം സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കു നല്‍കിയ നിവേദത്തില്‍ ആവശ്യപ്പട്ടു.

TAGS: CII |