സിജോ കുരുവിള ജോർജ് കേന്ദ്ര ശാസ്ത്രസാങ്കേതിക നയരൂപീകരണ സമിതിയിൽ

Posted on: July 6, 2020

കൊച്ചി : സ്റ്റാർട്ടപ്പ് വില്ലേജ് സ്ഥാപക സിഇഒയും റീ തിങ്ക് ഫൗണ്ടേഷൻ സ്ഥാപകനുമായ സിജോ കുരുവിള ജോർജ് കേന്ദ്രസർക്കാരിന്റെ ശാസ്ത്ര സാങ്കേതിക നയരൂപീകരണത്തിനായുള്ള വിദഗ്ധസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംരഭകത്വം സംബന്ധിച്ച നയങ്ങൾ രൂപീകരിക്കുന്ന എട്ടംഗസമിതിയിലാണ് സിജോ ഇടംപിടിച്ചത്.

സിജോ ഉൾപ്പെട്ട സംഘത്തെ നയിക്കുന്നത് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ തലവനായ ഹർക്കേഷ് മിത്തലാണ്. സ്റ്റാർട്ടപ്പ് ഇന്ത്യ ഡയറക്ടർ ശ്രുതി സിംഗും സംഘത്തിലുണ്ട്. സ്റ്റാർട്ടപ്പ് വില്ലേജ് സ്ഥാപക സിഇഒ എന്ന നിലയിലാണ് സിജോ തെരഞ്ഞെടുക്കപ്പെട്ടത്.

സ്റ്റാർട്ടപ്പ് രംഗത്ത് കേരളവും സ്റ്റാർട്ടപ്പ് വില്ലേജും കൈവരിച്ചിരിക്കുന്ന നേട്ടങ്ങളുടെ പ്രതിഫലനമായിട്ടാണ് ഈ നേട്ടത്തെ കാണുന്നതെന്ന് സിജോ കുരുവിള പറഞ്ഞു. സ്റ്റാർട്ടപ്പ് രംഗം നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും മേഖലയുടെ വളർച്ചയ്ക്ക് ആവശ്യമായ പിന്തുണയും അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായിരിക്കും ശ്രമമെന്നും സിജോ വ്യക്തമാക്കി.