ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് മേധാവി കെ. പോൾ തോമസ് സാ-ധൻ ചെയർമാൻ

Posted on: June 19, 2020

കൊച്ചി : ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് മേധാവി കെ പോൾ തോമസിനെ സാമൂഹിക വികസന മേഖലയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടേയും മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടേയും ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടായ്മയായ സാ-ധൻ ചെയർമാനായി തെരഞ്ഞെടുത്തു . സാ-ധനിന്റെ 22 മത് വാർഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം നടന്നത്. കോ-ചെയർമാനായി കാഷ്പോർ മൈക്രോ ക്രെഡിറ്റ് എംഡി മുകുൾ ജയ്സ്വാളിനെയും ട്രഷററായി സാറ്റിൻ ക്രെഡിറ്റ് കെയർ നെറ്റ്വർക്ക് സിഎംഡി എച്ച്.പി സിംഗിനെയും തെരഞ്ഞെടുത്തു.

സാ-ധൻ ചെയർമാൻ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് പോൾ തോമസ് പറഞ്ഞു. ‘സാമൂഹിക വികസന രംഗത്തെ ധനകാര്യ, മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്ക് പ്രവർത്തന മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതിൽ സാ-ധൻ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ധനകാര്യ സേവനങ്ങൾ ഇനിയും ലഭിക്കാത്തവരുടേയും വേണ്ടത്ര ലഭ്യമല്ലാത്തവരുടേയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ഉത്തരവാദിത്വമുള്ള സേവനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ഉറച്ചു വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.