സൗത്ത് ഇന്ത്യന്‍ ബാങ്കിന് ഇന്‍ഫോസിസ് ഫിനാക്കിള്‍ പുരസ്‌കാരങ്ങള്‍

Posted on: June 9, 2020

തൃശൂര്‍ : ഇന്‍ഫോസിസ് ഫിനാക്കിള്‍ ക്ലയന്റ് ഇന്നവേഷന്‍ അവാര്‍ഡ്‌സ് 2020 രണ്ട് പ്രമുഖ വിഭാഗങ്ങളില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ജേതാക്കളായി. ആഗോളതലത്തില്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ അവതരിപ്പിക്കുന്ന ബാങ്കിംഗ് ഉത്പന്നങ്ങളുടെ മാതൃകാപരമായ ഡിജിറ്റല്‍ പുതുമകളെയും ഉപഭോക്തൃ സേവനത്തെയും പ്രോസസ് ഡിസൈനെയും അംഗീകരിക്കുന്ന ഇന്‍ഫോസിസ് ഇന്നവേഷന്‍ അവാര്‍ഡ്‌സിന്റെ ആറാമത് പതിപ്പാണിത്. എട്ടു വിഭാഗങ്ങളിലായി 300 നാമനിര്‍ദേശങ്ങളുണ്ടായിരുന്നു.

നാമനിര്‍ദേശം ലഭിക്കപ്പെട്ട ഉത്പന്നങ്ങളുടെ പുതുമയും നേട്ടങ്ങളും സങ്കീര്‍ണതയും അപഗ്രഥിച്ച് കര്‍ശനമായ മൂല്യ നിര്‍ണയപ്രക്രിയയ്ക്കുശേഷം സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സൈബര്‍ മാര്‍ട്ട് ഇക്കോസിസ്റ്റത്താല്‍ നയിക്കപ്പെടുന്ന പുതുമ എന്ന വിഭാഗത്തില്‍ ഒന്നാം സ്ഥാനം കൈവരിച്ചു. ഇടപാടുകാരുടെ ഡിജിറ്റല്‍ ജീവിതത്തിലെ വേര്‍പിരിക്കാനാകാത്ത ഭാഗമായി മാറുന്നതിലൂടെ അവരുമായുള്ള ബന്ധങ്ങള്‍ സുദൃഢമാക്കുന്ന ബാങ്കിംഗ് സ്ഥാപനങ്ങളുടെ പുതുമകളെയാണ് ഈ വിഭാഗത്തില്‍ ആദരിക്കുന്നത്.

പുതിയ റീട്ടെയില്‍ അക്കൗണ്ട് ഓപ്പണിംഗ് മാതൃകയിലുള്ള (DIYA-DoITYourseIf usingAadhaar), ബാങ്കിന്റെ പുതിയ ഇടപാടുകാര്‍ക്ക് എല്ലാ ചാനലുകളിലൂടെയും ഇടപാടുകള്‍ ആരംഭിക്കുന്നത് എളുപ്പമായി മാറി. റോബോട്ടിക് പ്രോസസ് ഓട്ടോമേഷനിലൂടെ ഇടപാടുകാരുടെ ബാങ്കിംഗ് അനുഭവം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന് കസ്റ്റമര്‍ ജേണി റീഇമാജിനേഷന്‍ പട്ടം നേടിക്കൊടുത്തത്.

എല്ലാ കസ്റ്റമര്‍ ടച്ച് പോയിന്റുകളിലും മൂല്യവര്‍ധനവും ഉത്തമീകരണവും ഉറപ്പാക്കുന്ന, ഇടപാടുകാരുടെ അനുഭവം വ്യക്തിപരവും ലളിതവുമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനങ്ങളെ അംഗീകരിക്കുന്നതാണ് പുരസ്‌കാരം. സമൂഹത്തിന്റെ എല്ലാ മേഖലകളിലും നൂതനവത്കരണത്തിന്റെ ഗുണങ്ങള്‍ ലഭ്യമാക്കുന്നതിനായി വായ്പ ലഭ്യമാക്കലും വിതരണം ചെയ്യലും വിദ്യാര്‍ത്ഥികളുടെ ഫീസ് കളക്ഷന്‍ തുടങ്ങിയ മേഖലകളിലും സമാനമായ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

റീട്ടെയില്‍ ബാങ്കിംഗ് പവര്‍ഹൗസ് എന്ന ലക്ഷ്യത്തിലേക്കുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഡിജിറ്റല്‍ യാത്രയ്ക്കുള്ള അംഗീകാരമാണ് ഇന്‍ഫോസിസ് പുരസ്‌കാരമെന്ന് അധികൃതര്‍ പറഞ്ഞു.