വിപ്രോ ദക്ഷിണാഫ്രിക്കയിലെ കാൻവേ കോർപറേഷനെ ഏറ്റെടുത്തു

Posted on: December 3, 2019

ബംഗലുരു : വിപ്രോ കൺസ്യൂമർ കെയർ ദക്ഷിണാഫ്രിക്കയിലെ പേഴ്സണൽ കെയർ കമ്പനിയായ കാൻവേ കോർപറേഷൻ ഏറ്റെടുത്തു. കാൻവേയുടെ ബ്രാൻഡുകളായ ഓ സോ ഹെവൻലി, ഐവറി, ഐക്യു തുടങ്ങിയവ ഇനി വിപ്രോയായിരിക്കും മാർക്കറ്റ് ചെയ്യുക.

ദക്ഷിണാഫ്രിക്കയിലെ പ്രമുഖ വ്യക്തിഗത പരിചരണ ബ്രാൻഡാണ് ഓ സോ ഹെവൻലി. ദക്ഷിണാഫ്രിക്കയിലെ പ്രമുഖ ആരോഗ്യ-സൗന്ദര്യ റീട്ടെയ്‌ലറായ ക്ലിക്ക്സിലൂടെയാണ് ഇവയുടെ വിൽപ്പന. പ്രമുഖ ആഗോള ബ്രാൻഡുകളെയെല്ലാം സ്ഥിരമായി മറികടന്നുകൊണ്ട് കഴിഞ്ഞ ഒമ്പതു വർഷത്തിൽ എട്ടു വർഷവും ക്ലിക്ക്സ് ഷോപ്പേഴ്സിന്റെ ”ഏറ്റവും ഇഷ്ടപ്പെട്ട ബ്രാൻഡായി” ഓ സോ ഹെവൻലി തെരഞ്ഞെടുക്കപ്പെട്ടു. ബാത്ത്, ഷവർ, ഹാൻഡ് ക്രീംസ്, ഫ്രാഗ്രൻസ്ഡ് ബോഡി, സ്പ്രേ, കുട്ടികളുടെ ഉൽപ്പന്നങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലെല്ലാം ഓ സോ ഹെവൻലി മുൻപന്തിയിലാണ്.

ഗിഫ്റ്റ് നൽകുന്ന വിഭാഗത്തിലും ദക്ഷിണാഫ്രിക്കൻ വ്യക്തിഗത പരിചരണ വിപണിയിൽ വലിയൊരു ഭാഗം കയ്യടക്കുന്നു. ഐക്യു ഒരു ദശകത്തിലധികമായി മാർക്കറ്റ് ചെയ്യുന്നു. ആഫ്രിക്കയുടെ ഓർഗാനിക്ക് ചേരുവകൾ ഉൾപ്പെട്ട ഐവറി ബ്രാൻഡ് അടുത്തയിടെയാണ് അവതരിപ്പിച്ചത്. കമ്പനിക്ക് ഡർബനിൽ സ്വന്തമായി ഉത്പാദന, ഗവേഷണ, വികസന കേന്ദ്രമുണ്ട്.

കഴിഞ്ഞ 16 വർഷത്തിനിടയിലെ 12-ാമത്തെ ഏറ്റെടുക്കലാണിതെന്നും ഇതോടെ വിപ്രോ ദക്ഷിണാഫ്രിക്കയിലേക്കും മറ്റ് ആഫ്രിക്കൻ വിപണികളിലേക്കും കടക്കുകയാണെന്നും വിപ്രോ കൺസ്യൂമർ കെയർ-ലൈറ്റിങ് സിഇഒ വിനീത് അഗർവാൾ പറഞ്ഞു. ആഫ്രിക്കയിലെ ഏറ്റവും വലിയ വ്യക്തിഗത പരിചരണ വിപണിയായ ദക്ഷിണാഫ്രിക്കയിലേക്ക് കടന്നതിന്റെ ആവേശത്തിലാണെന്നും പങ്കാളികളാക്കാൻ ഏറ്റവും ഉചിതമായ സംരംഭമാണ് കാൻവേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.