ബിപിസിഎൽ വിൽപന : സാങ്കേതിക ഉപദേശത്തിന് ഡെലോയിറ്റ്

Posted on: November 30, 2019

കൊച്ചി : ബിപിസിഎൽ വിൽപനയ്ക്കു കേന്ദ ധനമന്ത്രാലയത്തിനു സാങ്കേതിക മാർഗനിർദേശം നൽകാൻ ഡെലോയിറ്റ് ടൂഷ്തുമാറ്റ്സു. ധനമന്ത്രാലയത്തിനു കീഴിലുള്ള ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് തെരഞ്ഞെടുത്തു. കൈമാറ്റം സംബന്ധിച്ച സാങ്കേതിക ഉപദേശം നൽകുകയാണ് അഡൈ്വസറുടെ ചുമതല. എസ് ബി ഐ കാപ്പിറ്റൽസ്, ഡെലോയിറ്റ് ടൂഷ് തുമാറ്റ്സു കമ്പനികളാണ് അഭിമുഖത്തിൽ പങ്കെടുത്തത്. 2020 മാർച്ച് 31 ന് മുമ്പ് ഇടപാട് പൂർത്തിയാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

അസറ്റ് വാല്യുവറായി പ്രോട്ടോക്കോൾ ഇൻഷ്വറൻസ് സർവേയേഴ്സ് ആൻഡ് ലോസ് അസസേഴ്സ്, ആർബിഎസ്എ അഡൈ്വസേഴ്സ് എന്നീ കമ്പനികളിലൊന്നു തെരഞ്ഞെടുക്കപ്പെടുമെന്നാണു സൂചന. ലീഗൽ അഡൈ്വസർ നിയമനത്തിനായി ഷാർദൂൽ അമർചന്ദ് മംഗൾദാസ്, ലൂത്ര ആൻഡ് ലൂത്ര, ജെ.സാഗർ അസോസിയേറ്റ്സ് എന്നീ സ്ഥാപനങ്ങൾ പരിഗണിക്കപ്പെടുന്നുണ്ട്.

ഭാരത് പെട്രോളിയത്തിൽ 53.39 ശതമാനം ഓഹരിപങ്കാളിത്തമാണ് കേന്ദ്രസർക്കാരിനുള്ളത്. ഓഹരിവില്പനയിലൂടെ 60,000 – 65,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാരിന്റെ ലക്ഷ്യം.